ബംഗളൂരു സംഘർഷം ; 35 എസ്ഡിപിഐക്കാർ കൂടി അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട് 35 എസ്ഡിപിഐക്കാരെ കൂടി അറസ്റ്റ് ചെയ്തു. നേതാക്കൾ ഉൾപ്പെടെ 340 എസ്ഡിപിഐക്കാരെയാണ് ഇതുവരെ സംഭവത്തിൽ അറസ്റ്റു ചെയ്തത്. സംഘർഷത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നിൽ എസ്ഡിപിഐ ആണെന്നും തെറ്റായ പ്രചാരണം നടത്തി സംഘർഷത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ആണ് പൊലീസിന്റെ കണ്ടെത്തൽ.

ചൊവ്വാഴ്ച രാത്രി ബനസ് വദി സബ്ഡിവിഷനിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ നേരത്തേ നടന്ന ഗൂഡലോചന നടന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതോടെ കർണാടകത്തിൽ എസ്ഡിപിഐയെ നിരോധിക്കുന്നത് സർക്കാരിൻ്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കുമെന്നാണ് സൂചന.

കോൺഗ്രസ് എംഎൽഎ അഖണ്ഡ് ശ്രീനിവാസ മൂർത്തിയുടെ അനന്തരവൻ നവീന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. ഫേസ്ബുക്ക് പോസ്റ്റ് മതനിന്ദയ്ക്ക് ഇടയാക്കിയെന്ന് ആരോപിച്ചാണ് അക്രമങ്ങൾ അരങ്ങേറിയത്. വെടിവയ്പിൽ മൂന്നു പേരാണ് മരിച്ചത്. അക്രമത്തിൽ പോലീസ് സ്റ്റേഷനുകളടക്കം നിരവധി സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു

സംഘർഷത്തിന് പിന്നാലെ ഓഗസ്റ്റ് 12 ന് അറസ്റ്റ് ചെയ്ത എസ്ഡിപിഐക്കാരാനായ യുവാവ് ആശുപത്രിയിൽ മരിച്ചു. കെജി ഹള്ളി സ്വദേശിയായ സയ്യദ് നദീം എന്ന 24കാരനാണ് മരിച്ചത്. ഇയാൾക്ക് മരണ ശേഷം കൊറോണ സ്ഥിരീകരിച്ചു. അതേസമയം, ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടിയിരിക്കുകയാണ്.