ഡാമിൽ വീണ യുവാക്കളെ സാരി അഴിച്ചെറിഞ്ഞ് കൊടുത്ത് രക്ഷിച്ച സ്ത്രീകൾക്ക് കൽപ്പന ചൗള അവാർഡ്

ചെന്നൈ : ഡാമിലേക്ക് കാൽവഴുതി വീണ യുവാക്കളെ രക്ഷിച്ച സ്ത്രീകൾക്ക് കൽപ്പന ചൗള അവാർഡ് നൽകി ആദരച്ച് തമിഴ്‌നാട് സർക്കാർ. തിങ്കളാഴ്ചയായിരുന്നു നാല് യുവാക്കൾ അണക്കെട്ടിൽ കാൽവഴുതി വീണത്. സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്. യുവാക്കളെ രക്ഷിച്ചതിന് പിന്നാലെ നിരവധി പേർ ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവർഡ് നൽകിയത്.

പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിൽ വീണ യുവാക്കളെയാണ് ഇവർ രക്ഷിച്ചത്. മുങ്ങിത്താഴുന്ന യുവാക്കളെ കണ്ട സ്ത്രീകൾ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് കൊടുത്ത് അവരെ രക്ഷിക്കുകയായിരുന്നു. വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു യുവാക്കളെ സ്ത്രീകൾ കണ്ടത്. ഡാമിൽ ആഴം കൂടുതലാണെന്ന് ഇവർ മുന്നറിയിപ്പ് നൽകുമ്പോഴേക്കും നാല് യുവാക്കൾ കാല്‍വഴുതി വെള്ളത്തിലേക്ക് വീണിരുന്നു.

ഇവരെ രക്ഷിക്കാനായി മൂന്ന് സ്ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് കൊടുക്കുകയും രണ്ട് യുവാക്കളെ രക്ഷിക്കുകയും ചെയ്തു. എന്നാൽ വെള്ളത്തിൽ മുങ്ങിപ്പോയ രണ്ട് യുവാക്കളുടെ മൃതദേഹം പിന്നീട് ഫയർഫേഴ്സ് സംഘം കണ്ടെത്തി. പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും ഇവരുടെ വാർത്തകൾ വന്നിരുന്നു. തുടർന്ന് പേരമ്പല്ലൂര്‍ ജില്ലാ ഭരണകൂടം മൂന്നുപേരെയും കൽപ്പന ചൗള അവാർഡിന് നാമനിർദേശം ചെയ്യുകയായിരുന്നു.