രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി; പുതിയ റെക്കോർഡ് സ്വന്തമാക്കി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന കോൺഗ്രസ് പശ്ചാത്തലമില്ലാത്ത പ്രധാനമന്ത്രി ഇന്നുമുതൽ നരേന്ദ്ര മോദി. എബി വാജ്പേയി ആകെ 2268 ദിവസമാണ് പ്രധാനമന്ത്രി പദത്തിൽ ഇരുന്നത്. ഇത് മറികടന്നാണ് നരേന്ദ്ര മോദി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയാകുന്നത്.

ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ കഴിഞ്ഞാല്‍ അടുത്തസ്ഥാനം പ്രധാനമന്ത്രി മോദിക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി എന്ന വിശേഷണവും ഇനി മോദിക്ക് സ്വന്തം.

2014 മെയ് 26 നാണ് മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.2019 മെയ് 30ന് രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നാലാമത്തെ നേതാവാണ് മോദി.

രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രി മോദി രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി മോദി തന്റെ ഏഴാമത്തെ സ്വാതന്ത്ര്യ ദിന സന്ദേശമാവും ചെങ്കോട്ടയില്‍നിന്ന് നല്‍കുക.

രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ്. 17 വര്‍ഷത്തോളം അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. നെഹ്രുവിന്റെ മകള്‍ ഇന്ദിര ഗാന്ധിക്കാണ് രണ്ടാം സ്ഥാനം.