ന്യൂഡെൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. ഒരു മാസത്തിലേറെ നീണ്ട വിമത നീക്കങ്ങൾക്കൊടുവിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് മടങ്ങിയെത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള ഭിന്നത അവസാനിപ്പിക്കാമെന്ന് പൈലറ്റ് കോൺഗ്രസ് നേതൃത്വത്തിന് ഉറപ്പു നൽകി.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ചെന്നു കണ്ട് സച്ചിൻ പൈലറ്റ് നടത്തിയ രണ്ടര മണിക്കൂർ നീണ്ട ചർച്ചയിലാണ് ഗെലോട്ടുമായുള്ള ഭിന്നത അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചത്. പൈലറ്റിന്റെ നേതൃത്വത്തിലുള്ള 19 കോൺഗ്രസ് വിമത എംഎൽഎമാരുടെ തിരിച്ചുവരവ് ഗെലോട്ടിൻ്റെ രാഷ്ട്രീയ വിജയം കൂടിയാണ്. ഒപ്പം പൈലറ്റിനെ മുന്നിൽ നിർത്തി മധ്യപ്രദേശ് മോഡൽ രാജസ്ഥാനിൽ പരീക്ഷിക്കാനിറങ്ങിയ ബിജെപിക്ക് കനത്ത തിരിച്ചടിയുമായി. രാജസ്ഥാൻ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14 മുതൽ ആരംഭിക്കാനിരിക്കെയാണ് പൈലറ്റിൻ്റെ നാടകീയ തിരിച്ചു വരവ്. രാഹുലിന്റെയും പ്രിയങ്കയുടെയും അവസരോചിത ഇടപെടൽ സച്ചിൻ പൈലറ്റിന് കോൺഗ്രസിലേക്ക് മടങ്ങിവരാനുള്ള താൽപര്യം വർധിപ്പിച്ചെന്നാണ് സൂചന
അതേ സമയം ഉപമുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനവും ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിനോട് ആവശ്യപെട്ടെന്നാണ് സൂചന.
പൈലറ്റ് തന്റെ പരാതികൾ നേതൃത്വത്തെ വിശദമായി ധരിപ്പിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു . വ്യക്തവും തുറന്നതും നിർണായകവുമായ ചർച്ച നടത്തി. കോൺഗ്രസ് പാർട്ടിയുടെയും സർക്കാരിൻ്റെയും താൽപ്പര്യം സംരക്ഷിക്കാൻ സച്ചിൻ പൈലറ്റ് പ്രതിജ്ഞാബദ്ധത അറിയിച്ചിട്ടുണ്ട്. പൈലറ്റും എംഎൽഎമാരും ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിച്ച് ഉചിതമായ തീർപ്പ് കൽപ്പിക്കാൻ എഐസിസി മൂന്നംഗ സമിതിയെ നിയോഗിക്കാൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തീരുമാനിച്ചതായി വേണുഗോപാൽ അറിയിച്ചു.
കോൺഗ്രസ് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സച്ചിൻ പൈലറ്റ് തിരിച്ചുവരവ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 14 ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് മുന്നോട്ടുവച്ച വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സർക്കാരിനെ രക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തിയ ഒത്തുതീർപ്പ് ഫോർമുല പൈലറ്റ് അംഗീകരിച്ചതായി ഇവർ പറഞ്ഞു.
നിലവിലെ സർക്കാർ – രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഏകോപന സമിതി രൂപീകരിക്കുന്നതും ആലോചനയിലുണ്ടെന്നാണ് സൂചന. പൈലറ്റ് വിഭാഗത്തിലെ ചില
എംഎൽഎമാർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകും. ഇവർക്ക് പാർട്ടിയിലും കോർപ്പറേഷനുകളിലും അർഹമായ സ്ഥാനങ്ങൾ നൽകുന്നതും ഭാവിയിൽ പരിഗണിക്കുമെന്നാണ് അറിയുന്നത്.
ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ അശോക് ഗെലോട്ട് തന്റെ നിർദ്ദിഷ്ട വിശ്വാസ വോട്ടെടുപ്പ് പിൻവലിക്കാനുള്ള സാധ്യതയുണ്ട്. ഈ സെഷനിൽ അശോക് ഗെലോട്ട് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഒരു ഘട്ടത്തിലും താൻ “കോൺഗ്രസിനെതിരെ കലാപം നടത്തുകയോ ഗെലോട്ടിനെതിരെ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെ”ന്ന് ചർച്ചകൾക്ക് ശേഷം വികാരാധീനനായി സച്ചിൻ പൈലറ്റ് വ്യക്തമാക്കി .
“ഞാൻ നിരവധി കാര്യങ്ങൾ പറഞ്ഞു, ഞാൻ ഒരുപാട് കാര്യങ്ങൾ കേട്ടു. പറഞ്ഞ ചില കാര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. എപ്പോഴും സംയമനവും വിനയവും കാത്തുസൂക്ഷിക്കണമെന്ന് ഞാൻ കരുതുന്നു. രാഷ്ട്രീയത്തിൽ വ്യക്തിപരമായ വിദ്വേഷത്തിന് സ്ഥാനമില്ല. അഞ്ചു വർഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ഞങ്ങൾ രാജസ്ഥാനിൽ സർക്കാർ രൂപീകരിച്ചത്.”
18 എംഎൽഎമാരുമായി മനേസർ ക്യാമ്പ് ചെയ്ത പൈലറ്റ് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപിയുമായി ചർച്ച നടത്തിയെന്ന ആരോപണത്തിന് ഇങ്ങനെയാണ് മറുപടി പറഞ്ഞത്.