പൂജാരിമാർ ഉൾപ്പെടെ 22 പേർക്ക് കൊറോണ ; ഉത്തർപ്രദേശിലെ വൃന്ദാവൻ ഇസ്കോൺ ക്ഷേത്രം അടച്ചു

ലക്നൗ: പൂജാരിമാർ ഉൾപ്പെടെ 22 പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉത്തർപ്രദേശിലെ വൃന്ദാവൻ ഇസ്കോൺ ക്ഷേത്രം അടച്ചു. ജന്മാഷ്ടമി ആഘോഷങ്ങൾ തുടങ്ങാനിരിക്കെ ചൊവ്വാഴ്ചയാണ് ക്ഷേത്രം അടച്ചത്.

വൃന്ദാവൻ ഇസ്കോൺ ക്ഷേത്രത്തിലെ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ സമീപമുള്ള വീടുകൾ കേന്ദ്രീകരിച്ച് 165 ടെസ്റ്റുകളാണ് ആരോഗ്യപ്രവർത്തകർ നടത്തിയത്. ഈ ടെസ്റ്റുകളിൽ 22 എണ്ണം പോസിറ്റീവ് ആവുകയായിരുന്നു. ജൂലായ് നാലിന് അമേരിക്കയിലെ ഫ്ലോറിഡയിൽ കൊറോണ ബാധിച്ച് മരിച്ച ഇസ്കോൺ നേതാവ് ഭക്തി ചാരു സ്വാമിയുടെ അന്ത്യകർമ്മങ്ങൾ ബംഗാളിലാണ് നടത്തിയത്.

ഉത്തർപ്രദേശ് വൃന്ദാവൻ ഇസ്കോണിലെ ചിലർ ചടങ്ങുകളിൽ സംബന്ധിച്ചിരുന്നു. രണ്ടാഴ്ചക്ക് മുൻപാണ് അവർ ഉത്തർപ്രദേശിലേക്ക് തിരികെ എത്തിയത്. ഈ സംഘത്തിൽ പെട്ട രണ്ട് പേരാണ് ആദ്യമായി കൊറോണ പോസിറ്റീവ് ആയത്. ബെംഗളൂരു ഇസ്കോണിൽ ജന്മാഷ്ടമി ആഘോഷങ്ങൾ ഓൺലൈനായി സ്ട്രീം ചെയ്യും. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ ഭക്തർക്ക് ആഘോഷത്തിൽ വിർച്വലായി പങ്കെടുക്കാം.

ഡെൽഹി ഇസ്കോണിലെ ജന്മാഷ്ടമി ആഘോഷങ്ങളിലേക്ക് എല്ലാവർക്കും പ്രവേശനം അനുവദിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാവും പ്രവേശനം. ഇവർ സാനിറ്റൈസർ ടണലിലൂടെ കടന്ന് പോവുകയും തെർമൽ ഗണ്ണുകൾ കൊണ്ട് പരിശോധിക്കപ്പെടുകയും ചെയ്യും. ക്ഷേത്രത്തിനകത്ത് ഭക്ഷണവിതരണം ഉണ്ടാവില്ല.