ഇന്ത്യയിലെ കൊറോണ കേസുകളുടെ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളിൽ: പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ ആകെ കൊറോണ കേസുകളുടെ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ കൊറോണ മറികടക്കാമെന്ന് നരേന്ദ്ര മോദി പറഞ്ഞു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായുള്ള അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, പ‍ഞ്ചാബ്, തമിഴ്നാട്, ബംഗാൾ, കർണാടക എന്നീ പത്തു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായായിരുന്നു അവലോകനയോഗത്തിൽ പങ്കെടുത്തത്.

നിലവിൽ രോഗമുള്ളവരുടെ എണ്ണം ഇന്ത്യയിൽ കുറവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ മരണനിരക്ക് പ്രതിദിനം കുറഞ്ഞുവരുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും കൊറോണ പ്രതിരോധത്തിന് രാജ്യം സ്വീകരിച്ച നടപടികൾ ശരിയായ ദിശയിലുളളതാണെന്നാണ് കാണിക്കുന്നത്.

ഒരു വ്യക്തിക്ക് 72 മണിക്കൂറിനുള്ളിൽ രോഗ നിർണയം നടത്താൻ കഴിഞ്ഞാൽ രോഗ വ്യാപനം വലിയ തോതിൽ കുറക്കാൻ ആകുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ 72 മണിക്കൂറിനുള്ളിൽ രോഗ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ് എന്ന് മോദി വ്യക്തമാക്കി. ഓരോ സംസ്ഥാനവും നിലവിൽ കൊറോണ രോഗത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ഓരോ സംസ്ഥാനവും വ്യാപനം നിയന്ത്രിക്കുന്നതിൽ ശക്തമായ പങ്ക് വഹിക്കുന്നുണ്ട്.

അതേ സമയം രാജ്യത്തെ പ്രതിദിനം ഉള്ള പരിശോധന നിരക്ക് 7 ലക്ഷമാക്കി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർണടകയെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രിയാണ് ചർച്ചയിൽ പങ്കെടുത്തത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഏഴാം തവണയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി അവലോകനം നടത്തുന്നത്.