മഴക്കെടുതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

ന്യൂഡെൽഹി: മഴക്കെടുതി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം ഇന്ന് നടക്കും. മഴക്കെടുതി രൂക്ഷമായ കേരളം ഉൾപ്പെടെയുള്ള ആറു സംസ്ഥാനങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചു ചേർത്തത്.

മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുക്കും. ഇന്നലെ മഴക്കെടുതി വിഷയങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ഉൾപ്പടെ പങ്കെടുപ്പിച്ചായിരുന്നു അവലോകനം. അതിന് തുടർച്ചയായാണ് ഇന്നത്തെ യോഗം. ഈ യോഗത്തിനുശേഷമായിരിക്കും നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം കൈകൊള്ളുക.

കൊറോണ ബാധിച്ച് ചികിത്സയിലായതുകൊണ്ട് കർണാടക മുഖ്യമന്ത്രിക്ക് പകരം റവന്യുമന്ത്രി ആർ.അശോകാകും യോഗത്തിൽ പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ ദുരന്തമേഖലയിലേക്കുള്ള വ്യോമസന്ദർശനത്തിന്റെ കാര്യത്തിലും യോഗത്തിൽ തീരുമാനമാകും.