മനോജ് സിൻഹ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ; ജിസി മുർമു കേന്ദ്ര സിഎജിയാകും

ശ്രീനഗർ: മുൻ കേന്ദ്ര മന്ത്രി മനോജ് സിൻഹയെ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. പ്രഥമ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ജിസി മുർമു രാജിവെച്ചതിനെ തുടർന്നാണിത്. മുർമുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.

ജിസി മുർമുവിനെ അടുത്ത കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി ഉടൻ നിയമിക്കുമെന്നാണ് സൂചന. രാജീവ് മെഹ്റിഷി വിരമിക്കുന്ന സാഹചര്യത്തിലാണ് ജിസി മുർമു പുതിയ സിഎജി ആയി സ്ഥാനമേൽക്കുന്നത്.ബുധനാഴ്ച ഉച്ചയോടെ ശ്രീനഗർ വിട്ട മുർമു ഇന്ന് ഡൽഹിയിൽ എത്തി.

ജമ്മു കശ്മീരിന്റെ ലഫ്റ്റനനന്റ് ഗവർണറായി നിയമിതനായി ഒരുവർഷത്തിന് ശേഷമാണ് മുർമുവിന്റെ രാജി. 1985 ബാച്ചിലെ ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറായ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഏറെ അടുപ്പമുള്ളയാളാണ്. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണറായി നിയമിക്കപ്പെടും മുമ്പ് ധനകാര്യ മന്ത്രാലയത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

അതേ സമയം മുതിർന്ന ഉദ്യോഗസ്ഥനായ മർ‌മുവിന് ഒമ്പത് മാസത്തെ കാലയളവിൽ ജമ്മു കശ്മീരിൽ നേടിയെടുക്കാനാവാത്ത സമാധാനം സ്ഥാപിക്കാൻ ജനകീയനായ സിൻഹയ്ക്ക് കഴിയുമെന്നാണ് കണക്കുകൂട്ടൽ. 2017 ൽ ഉത്തർപ്രദേശിൽ ബിജെപിയുടെ തകർപ്പൻ വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചവരിൽ മനോജ് സിൻഹയുമുണ്ടായിരുന്നു. തലനാരിഴവ്യത്യാസത്തിനാണ് യോഗി ആദിത്യനാഥിന് കുറി വീണത്

ജമ്മു കശ്മീരിലെ ഗവർണറായിരുന്ന സത്യപാൽ മാലിക്കിന് ശേഷം താഴ് വരയിൽ ദൗത്യമേറ്റെടുക്കുന്ന രാഷ്ട്രീയക്കാരനെന്ന പ്രത്യേകതയും സിൻഹയ്ക്കുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തനും ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സ്ഥാനാർത്ഥി അഫ്സൽ അൻസാരിയോടാണ് മനോജ് സിൻഹ പരാജയപ്പെട്ടത്.
കിഴക്കൻ ഉത്തർപ്രദേശിലെ ഗാസിപൂർ പാർലമെൻ്റ് നിയോജകമണ്ഡലത്തെ മൂന്ന് തവണ സിൻഹ പ്രതിനിധീകരിച്ച ഇദ്ദേഹം വാർത്താവിനിമയ മന്ത്രി, റെയിൽവേ സഹമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.