ഡെൽഹിയിൽ പീഡനത്തിനിരയായ 12കാരിയുടെ നില ​ അതീവഗുരുതരം

ന്യൂഡെൽഹി: പന്ത്രണ്ടു വയസുകാരിക്ക് ഡെൽഹിയിൽ ക്രൂരപീഡനം. പശ്ചിംവിഹാർ സ്വദേശിയായ പെൺകുട്ടിയ്ക്കാണ് ക്രൂരപീഡനത്തിന് ഇരയായത്. അതീവഗുരുതരാവസ്ഥയിലായ പെൺകുട്ടി എംയിസിൽ ചികിത്സയിലാണ്. ‌അയൽക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. കുട്ടി വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

അക്രമി മൂർച്ചയുള്ളതും ഭാരമേറിയതുമായ എന്തോ വസ്തുകൊണ്ട് പെൺകുട്ടിയുടെ തലയിലും മുഖത്തും നിരവധി തവണയിലേറെ അടിച്ചതായി പൊലീസ് വിശദമാക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ വീടിൻ്റെ ബാൽക്കണിയിൽ അയൽക്കാരാണ് കണ്ടെത്തിയത്. നിൽക്കാൻ പോലും ആവാതെ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പെൺകുട്ടിയുണ്ടായിരുന്നത്.

സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന കിട്ടിയെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അമ്മയും സഹോദരിയും ജോലിക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടിൽ ആരും അതിക്രമിച്ച് കയറിയ ലക്ഷണങ്ങൾ ഇല്ലെന്നും അക്രമിയെ കുട്ടിക്ക് പരിചയമുള്ള ആളാവാനാണ് സാധ്യതയുള്ളതെന്നുമാണ് പൊലീസ് പറയുന്നത്.

വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലായ ശേഷം അക്രമിയെത്തിയെന്നാണ് പൊലീസ് നിരീക്ഷിക്കുന്നത്. പെൺകുട്ടിയും മാതാപിതാക്കളും സഹോദരിയും അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിന് സമീപത്തുള്ള ഫാക്ടറിയിലാണ് ഇവർ ജോലി ചെയ്യുന്നത്.

സമീപത്തെ ക്ലിനിക്കിലെത്തിച്ച പെൺകുട്ടിയുടെ ശരീരത്തിലും വയറിലും മുഖത്തും കാലിലും ഉണ്ടായ മുറിവുകൾ ശ്രദ്ധിച്ചതോടെ പെൺകുട്ടിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയുടെ അവസ്ഥ മോശമായതിനെ തുടർന്ന് രാത്രിയിൽ പെൺകുട്ടിയെ എയിംസിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ എഫ് ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡെൽഹി ഡിസിപി വ്യക്തമാക്കി. കൊലപാതകശ്രമത്തിനും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.