അപകടകരമായ വസ്തുക്കള്‍ ; വെയര്‍ഹൗസുകളിലും പോര്‍ട്ടുകളിലും പരിശോധനയ്ക്ക് കസ്റ്റംസിന് നിര്‍ദേശം

ന്യൂഡെല്‍ഹി: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനെ വിറപ്പിച്ച ഇരട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഒന്നടങ്കം പരിശോധന നടത്താന്‍ കസ്റ്റംസിന് നിര്‍ദേശം. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസുകളിലും പോര്‍ട്ടുകളിലും പരിശോധന നടത്താന്‍ കസ്റ്റംസിന് പരോക്ഷ നികുതി ബോര്‍ഡാണ് നിര്‍ദേശം നല്‍കിയത്. 48 മണിക്കൂറിനുളളില്‍ അപകടകരമായ വസ്തുക്കളെല്ലാം സുരക്ഷിതമായാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് നിര്‍ദേശം.

കഴിഞ്ഞദിവസം ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്ന ഇരട്ടസ്‌ഫോടനത്തില്‍ നൂറിലധികം ആളുകളാണ് മരിച്ചത്. ബെയ്‌റൂട്ട് തുറമുറത്തിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ ഇവ വര്‍ഷങ്ങളോളം സൂക്ഷിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ലബനന്‍ പ്രധാനമന്ത്രിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഉറപ്പുവരുത്താന്‍ പരോക്ഷ നികുതി ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.

രാജ്യത്തെ വെയര്‍ഹൗസുകളിലും പോര്‍ട്ടുകളിലും അപകടകരമായ വസ്തുക്കള്‍ സുരക്ഷിതമായ നിലയിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് കസ്റ്റംസിന് പരോക്ഷനികുതി ബോര്‍ഡ് നിര്‍ദേശിച്ചത്. ഇവ സൂക്ഷിക്കുന്നതിന് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ജീവനും സ്വത്തിനും യാതൊരുവിധ പ്രശ്‌നങ്ങളില്ലെന്നും പരിശോധിച്ച് ഉറപ്പുവരുത്തണം. 48 മണിക്കൂറിനുളളില്‍ രാജ്യമൊട്ടാകെ പരിശോധന നടത്താനാണ് നിര്‍ദേശം. ബെയ്‌റൂട്ടില്‍ നടന്ന ഇരട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് പരോക്ഷനികുതി ബോര്‍ഡ് അറിയിച്ചു.