ശിവരാജ് സിംഗ് ചൗഹാന് രോഗമുക്തി; ആശുപത്രി വിട്ടു

ഭോപ്പാൽ: കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. ഡോക്ടർമാരുടെ നിർദശപ്രകാരം 7 ദിവസം അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയും.
കഴിഞ്ഞ മാസം 25 നാണു ചൗഹാനു രോഗം സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന്റെ അഭാവത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ആഭ്യന്തര മന്ത്രി നരോത്തം മിശ്രക്കായിരുന്നു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്കും പിന്നാലെ കേന്ദ്ര പെട്രോളിയം സ്റ്റീൽ മന്ത്രി ധർമേന്ദ്ര പ്രധാനും ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേന്ദ്ര മന്ത്രിസഭയിൽ കൊറോണ ബാധിച്ച രണ്ടാമത്തെ മന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ. അദ്ദേഹത്തിന്റെ വസതിയിലെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മന്ത്രി സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്തിനും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. അതിനിടെ മുതിര്‍ന്ന സിപിഎം നേതാവ് സുന്നം രാജയ്യ കൊറോണ ബാധിച്ചു മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള മുന്‍ എം.എല്‍.എ കൂടിയാണ് അദ്ദേഹം.