അയോധ്യയിൽ ഒരു പുരോഹിതന് കൂടി കൊറോണ സ്ഥിരീകരിച്ചു

അയോധ്യ: രാമക്ഷേത്ര തറക്കല്ലിടുന്നതിനുള്ള ചടങ്ങിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ഒരു പുരോഹിതന് കൂടി കൊറോണ സ്ഥിരീകരിച്ചു. ക്ഷേത്ര സ്ഥലത്ത് ദൈനംദിന ആചാരങ്ങൾ നടത്തുന്ന ടീമിന്റെ ഭാഗമായ പ്രേം കുമാർ തിവാരിക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

രോഗബാധ ആശങ്കാജനകമാണെന്ന് 82 കാരനായ പ്രധാന പുരോഹിതൻ സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.താൻ ചെറുപ്പക്കാരനല്ലെന്നും എല്ലാവരും മന്ദിറിൽ ഒരേ പ്രദേശത്താണ് താമസിക്കുന്നതെന്നതിനാൽ തനിക്കും ആശങ്കയുണ്ടെന്ന് സത്യേന്ദ്ര ദാസ് മാധ്യമങ്ങളോട് പറഞ്ഞു. 

പുരോഹിതരുടെ ടീമിലുണ്ടായിരുന്ന പ്രദീപ് ദാസിന് കഴിഞ്ഞയാഴ്ച രോഗബാധ സ്ഥീരികരിച്ചിരുന്നു. ഇതെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെല്ലാം ക്വാറൻറീനിലാണ്. ക്ഷേത്ര സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് അഗ്നിശമന ഉദ്യോഗസ്ഥർക്കും നേരത്തേ വൈറസ് ബാധയുണ്ടായിരുന്നു.

എന്നാൽ ക്ഷേത്ര പുരോഹിതന്മാരും തൊഴിലാളികളുമടക്കം നിരവധി പേർക്ക് പരിശോധന നടത്തി വൈറസ്ബാധ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ധാരാളം ആളുകളെ പരിശോധിച്ചു എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ചാം തിയതി നടക്കാനിരിക്കുന്ന ചടങ്ങിന് ഇതൊന്നും ഭീഷണിയല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

അതേ സമയം അയോദ്ധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സുഖമില്ലാത്തതിനാൽ ചടങ്ങിന് ക്ഷണിക്കപ്പെട്ടുവെങ്കിലും പങ്കെടുക്കില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ സഫർ അഹമദ് ഫാറൂഖിയുടെ വക്താവ് അറിയിച്ചു.