പഞ്ചാബിലെ വിഷമദ്യ ദുരന്തം; മരിച്ചവർ 86 ആയി

ചണ്ഡീഗഡ്: വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി. അമൃത്സർ, ബട്ടാല, തൻ താരൻ എന്നീ ജില്ലകളിൽ ബുധനാഴ്ച രാത്രിയാണ് വിഷമദ്യം കഴിച്ചുള്ള ആദ്യമരണം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. മദ്യം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ഇനിയും നിരവധി പേരുണ്ടെന്നാണ് റിപ്പോർട്ട്.

തന്‍ താരന്‍ ജില്ലയില്‍ 63 പേരും അമൃത്സറില്‍ 12 പേരും ബട്ടാലയില്‍ 11 പേരുമാണ് ഇതുവരെ മരിച്ചത്. പഞ്ചാബ് പോലീസ് സംഭവത്തിൽ 17 പേരെ കൂടി അറസ്റ്റ് ചെയ്തു. ദുരന്തം ഉണ്ടായ അമൃത്സർ , ഗുരുദാസ് പൂർ, താൻ താരൻ എന്നിവിടങ്ങളിലായി നൂറിലധികം റെയ്ഡുകൾ ആണ് നടന്നത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 25 ആയി.
7 എക്സൈസ് ഉദ്യോഗസ്ഥരെയും 6 പോലീസുകാരെയും കേസുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്തു.

സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ രണ്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരും നാല് സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഉൾപ്പെടുന്നു. ഇവർക്കെതിരെ അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ട് എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനു രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.