രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിനുള്ള തയ്യാറെടുപ്പിന് യോഗി ആദിത്യനാഥ് നാളെ അയോധ്യ സന്ദർശിക്കും

അയോധ്യ: രാമക്ഷേത്ര ശിലാസ്ഥാപനത്തിന് മുൻപ് ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ അയോധ്യ സന്ദർശിക്കും. ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി അയോധ്യയിലെ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുമെന്ന് ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ് പറഞ്ഞു.

അതേസമയം, ഉത്തർപ്രദേശിൽ ഭൂമി പൂജക്കായി ഉള്ള ഒരുക്കങ്ങൾ വലിയ തോതിൽ നടക്കുകയാണ്. ഓഗസ്റ്റ് 4-5 തീയതികളിൽ മധുര, കാശി, ചിത്രകൂഡ് , പ്രയാഗ്രാജ്, ഗോരഖ്പൂർ, നൈമിഷാരണ്യ എന്നിവിടങ്ങളിൽ പ്രാർത്ഥനയും അഖണ്ഡ രാമായണ പാരായണവും നടക്കും.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനായി യമുനോത്രി ധാമിലെ മണ്ണും യമുനാ നദീ ജലവും ഹിമാലയത്തിലെ ബ്രഹ്മകമലവും പുരോഹിതർ അയച്ച് കഴിഞ്ഞു. ഇവ പുരോഹിതർ വിശ്വ ഹിന്ദു പരിഷത്ത് ഭാരവാഹികൾക്ക് കൈമാറിയതായും ഇവർ ഇത് അയോധ്യയിലേക്ക് കൊണ്ട് പോകുമെന്നും യമുനോത്രീ മന്ദിർ സമിതി സെക്രട്ടറി കൃതേശ്വർ യൂണിയാൽ പറഞ്ഞു. നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിമാർ, ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി അയോധ്യയിലെ സ്ഥലം കൈമാറണമെന്ന് കഴിഞ്ഞ വർഷം നവംബർ 9 നാണു സുപ്രീം കോടതി വിധി വന്നത്.