സിനിമ-സീരീസുകളിൽ സൈനിക രംഗങ്ങൾ ചിത്രീകരിക്കാൻ മുൻകൂർ അനുമതി വാങ്ങണം: പ്രതിരോധ മന്ത്രാലയം

ന്യൂഡെൽഹി: സൈനിക രംഗങ്ങൾ ചിത്രീകരിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്ന് പ്രതിരോധ മന്ത്രാലയം. കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന് അയച്ച കത്തിലാണ് പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. സൈന്യത്തെ അവഹേളിക്കുന്നതോ സൈനിക വികാരം വ്രണപ്പെടുത്തുന്നതോ ആയ സീനുകൾ ചലച്ചിത്രങ്ങളിൽ ഉൾക്കൊള്ളിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

സിനിമകളിലോ വെബ് സീരീസുകളിലോ ഇന്ത്യൻ സൈന്യത്തെ ചിത്രീകരിക്കുന്നതിനു മുൻപ് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് പ്രൊഡക്ഷൻ ഹൗസുകൾ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എതിർപ്പില്ലെന്നറിയിക്കുന്ന സർട്ടിഫിക്കറ്റ്) വാങ്ങണമെന്നാണ് നിർദ്ദേശം. ഓഗസ്റ്റ് ഒന്നു മുതലാണ് ഈ നിയന്ത്രണങ്ങൾ ബാധകമാവുക. ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും വിവര പ്രക്ഷേപണ മന്ത്രാലയത്തിനും പുതിയ നിബന്ധന സംബന്ധിച്ച കത്ത് അയച്ചിട്ടുണ്ട്.

ചില വെബ് സീരീസുകളിലും സിനിമകളിലും സൈന്യത്തെ അവഹേളിക്കുന്നതായി തങ്ങൾക്ക് കത്ത് ലഭിച്ചു എന്ന് പ്രതിരോധ മന്ത്രാലയം കത്തിൽ സൂചിപ്പിക്കുന്നു. സായുധ സേനാംഗങ്ങളെ മോശമായി ചിത്രീകരിക്കുന്നതിൽ തങ്ങൾക്ക് കടുത്ത എതിർപ്പുണ്ടെന്നും മന്ത്രാലയം പറയുന്നു.

സീ 5ലെ ‘കോഡ് എം’, എഎൽടി ബാലാജിയിലെ ‘എക്സ്എക്സ്എക്സ്- സീസൺ 2’ എന്നീ വെബ് സീരീസുകളിൽ സൈന്യത്തെ വളരെ മോശമായി ചിത്രീകരിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. വിഷയത്തിൽ എഎൽടി ബാലാജിക്കെതിരെ ചിലർ നിയമനടപടിക്ക് ഒരുങ്ങുന്നുണ്ട്. ഇതിൻ്റെയൊക്കെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം.