മുംബൈ: കൊറോണ വ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ ലോക്ഡൗൺ ആഗസ്റ്റ് 31 വരെ നീട്ടിയെങ്കിലും ഷോപ്പിംഗ് കോംപ്ലക്സുകൾ, ഫുട്‌കോർട്, റസ്റ്റോറന്റുകൾ എന്നിവ തുറക്കും. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയായ ബിഗ്ഗിൻ എഗൈൻ പദ്ധതിയായ പ്രകാരം ആഗസ്റ്റ് 5 മുതൽ മാളുകൾ, തീയറ്ററുകൾ, എന്നിവ ഒഴികെയുള്ളവ രാവിലെ 9 മുതൽ രാത്രി ഏഴ് വരെ തുറക്കാൻ അനുമതിയായി. സംസ്ഥാനത്തെ രാത്രി കർഫ്യൂ നിലനിൽക്കും.
മാളുകളിലെ ഫുഡ് കോർട്ടിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി സൗകര്യം മാത്രമേ ഉണ്ടാകൂ. മദ്യശാലകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.
ആഗസ്റ്റ് 5 മുതൽ ജിംനാസ്റ്റിക് സെന്ററുകളും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുവദിക്കും. കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. പൊതുഗതാഗതം ഉപയോഗിക്കുന്നവർ കൃത്യമായി മാസ്ക് ധരിക്കണം. വിവാഹ ചടങ്ങുകൾക്ക് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമേ പങ്കെടുക്കാൻ കഴിയൂ.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,211 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ കൊറോണ കേസുകൾ നാല് ലക്ഷം കടന്നു.