ടോക്കിയോ: ഇന്ത്യക്കും അമേരിക്കക്കും പിന്നാലെ ചൈനീസ് ആപ്പായ ടിക്ടോക് നിരോധിക്കണമെന്ന ആവശ്യം ജപ്പാനിലും ശക്തമാകുന്നു. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധികളും നേതാക്കളുമാണ് സര്‍ക്കാരിനോട് ഈ നിര്‍ദേശവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
നിരോധനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു കഴിഞ്ഞെന്നാണ് ജപ്പാനിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ടിക്ടോകിനെതിരെ ഉന്നയിച്ചിട്ടുള്ളത്. രാജ്യത്തെ വിവരങ്ങള്‍ ടിക്ടോകിലൂടെ ചൈന ചോര്‍ത്തുകയാണെന്നും ഇത് ജപ്പാന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും ജപ്പാനിലെ ഭരണകക്ഷിയുടെ റെഗുലേറ്ററി പോളിസി വിഭാഗം നേതാവ് അക്കിര അമാരി വ്യക്തമാക്കി.
വിവരങ്ങള്‍ പുറത്താകുന്ന സാഹചര്യം കണക്കിലെടുത്ത് ടിക്ടോക്കിനു രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആപ്പു വഴി രാജ്യത്തെ വ്യക്തിഗത വിവരങ്ങളും ചോര്‍ത്തപ്പെട്ടേക്കാം. ദേശീയ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടു പോകുമെന്നും അമാരി കൂട്ടിച്ചേര്‍ത്തു.
ടിക്ടോക് ഉള്‍പെടെയുള്ള 59 ആപ്പുകള്‍ക്കാണ് ഇന്ത്യ കഴിഞ്ഞ ജൂണില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇതിനു ശേഷമാണ് ജപ്പാനിലും നിരോധനം സംബന്ധിച്ചുള്ള ആവശ്യം ശക്തമായതെന്നാണ് സൂചന.
ഇന്ത്യക്കു പിന്നാലെ ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിലേക്കു അമേരിക്കയടക്കമുള്ള പല രാജ്യങ്ങളും മൂന്നോട്ടു പോകുന്നതിനെ കുറിച്ചുള്ള റപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു.