അയോധ്യ രാമക്ഷേത്ര നിർമാണത്തിന് അഞ്ചു കോടി നൽകുമെന്ന് ആത്മീയാചാര്യൻ മൊരാരി ബാപു

ന്യൂഡെൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് ആത്മീയാചാര്യൻ മൊരാരി ബാപു അറിയിച്ചു. ചിത്രകൂടിലുള്ള തന്റെ വ്യാസപീഠം ആശ്രമത്തിന്റെ പേരിൽ ആയിരിക്കും സംഭാവന നൽകുക. ക്ഷേത്ര നിർമ്മാണത്തിൽ സഹകരിക്കാൻ തയ്യാറുള്ള ഭക്തരുടെ സംഭാവന കൂടി ചേർത്തായിരിക്കും ട്രസ്റ്റിന് കൈമാറുക.

അതേസമയം ക്ഷേത്ര നിർമാണത്തിനായി ബദരീനാഥിൽ നിന്നുള്ള മണ്ണും അളകനന്ദ നദിയിൽ നിന്നുള്ള ജലവും അയോധ്യയിലേക്ക് അയച്ചു കഴിഞ്ഞു. ശിലാസ്ഥാപനത്തിന്‌ മുൻപ് ഇവ അയോധ്യയിൽ എത്തും. ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിൻെറ ശിലാസ്ഥാപനം നിർവഹിക്കുക. മൂന്നു വർഷം കൊണ്ട് ക്ഷേത്ര നിർമാണം പൂർത്തിയാക്കാൻ കഴിയും എന്നാണ് കരുതുന്നത്.

ഭൂമി പൂജ ആഘോഷമാക്കാൻ വിശ്വ ഹിന്ദു പരിഷത്തും തീരുമാനിച്ചിട്ടുണ്ട്. ഭൂമി പൂജ നടക്കുന്ന വേളയിൽ സംസ്ഥാനത്ത് ഉടനീളം ജനങ്ങൾ ദീപം തെളിയിച്ച് ആഘോഷിക്കുവാനും വി എച്ച് പി നിർദ്ദേശിച്ചു.