കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് കശ്മീരി പണ്ഡിറ്റുകൾ

ശ്രീന​ഗർ: കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് കശ്മീരി പണ്ഡിറ്റുകൾ. കുടിയേറ്റ കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയാണ് ആവശ്യം മുന്നോട്ടുവച്ചത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവിയും സംസ്ഥാനമെന്ന പദവിയും എത്രയും പെട്ടെന്ന് തിരികെ കൊടുക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുവെന്ന് കുടിയേറ്റ കശ്മീരികളുടെ പണ്ഡിറ്റ് സംഘടന ചെയർമാൻ സതീഷ് മഹൽദാർ പറഞ്ഞു.

വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും മതങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും തുല്യതയ്ക്കുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. തുല്യതക്കുള്ള അവകാശം എന്നാൽ മതം, ജാതി, പ്രദേശം അല്ലെങ്കിൽ മറ്റെന്തെങ്കിലും സാമൂഹികമോ രാഷ്ട്രീയപരമോ ആയ ഉപവിഭാഗങ്ങൾ അടിസ്ഥാനപ്പെടുത്തിയും വേർതിരിക്കാതിരിക്കുക എന്നതാണ്. മുന്‍പൊരിക്കലും ഒരു സംസ്ഥാനത്തേയും തരംതാഴ്ത്തിയിട്ടില്ല. ഇത് ജനാധിപത്യത്തില്‍ ചെയ്യുന്നതല്ലെന്നും സതീഷ് മഹൽദാർ പറഞ്ഞു.

കശ്മീരിൽ സ്വന്തം ജനങ്ങളാണെന്നും അവരെ സ്നേഹിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തയ്യാരാവണമെന്നും സംഘടന ആവശ്യപ്പെട്ടു. ജമ്മു കശ്മീരികൾ നിങ്ങളുടെ സ്വന്തം ആളുകളാണെന്നും അവരെ സ്നേഹിക്കണമെന്നും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ നിവേദനത്തിൽ അവർ പറയുന്നു.

2019 ആഗസ്റ്റ് 5 നാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. തുടർന്ന് പ്രദേശത്തെ ഇൻ്റർനെറ്റ്, വാർത്താവിനിമയ സംവിധാനങ്ങളൊക്കെ റദ്ദാക്കിയിരുന്നു. 163 ദിവസങ്ങൾക്കു ശേഷമാണ് ജമ്മു കശ്മീരിൽ ഇൻ്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചത്.