കോട്ടയം: മലയാളികൾ ചക്കയും ചക്കക്കുരുവും ഇതുപോലെ പരിഗണിക്കപ്പെട്ട വേറെ കാലം ഉണ്ടായിരിക്കില്ല. രാജ്യമെങ്ങും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മലയാളിക്ക് ചക്ക സീസണിന്റെ കാലം കൂടി ആയിരുന്നു. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ പോലും ചക്ക മാഹാത്മ്യം നിറഞ്ഞു. പച്ചചക്ക കൊണ്ടും പഴുത്ത ചക്ക കൊണ്ടും ഉണ്ടാക്കുന്ന നിരവധി വിഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ചക്ക വിഭവങ്ങൾ മാത്രമല്ല, ചക്കക്കുരു ഷേയ്ക്ക് വരെ മലയാളി അടിച്ചു കുടിച്ചു. എന്നാലും കുറച്ച് ചക്കക്കുരു എങ്കിലും പറമ്പിലോട്ട് വലിച്ചെറിഞ്ഞിട്ടുണ്ടാകും. ഇനി ഒരു പക്ഷേ ആരും ചക്കക്കുരു വെറുതെ കളയില്ല.
പത്ത് ചക്കക്കുരു കിട്ടണമെങ്കിൽ കാശ് എണ്ണിക്കൊടുക്കേണ്ട അവസ്ഥയാണ്. ഓൺലൈൻ ആയി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ചില മിടുക്കൻമാർ ചക്കക്കുരുവിനെ. മൂന്നൂറ് ഗ്രാം ചക്കക്കുരുവിന് വില 270 രൂപ! ആമസോണിലാണ് ഈ വിലയ്ക്ക് ചക്കക്കുരു ലഭിക്കുന്നത്.
ചക്കക്കുരുവിന്റെ ഗുണങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട് ആമസോണിൽ. വൈറ്റമിൻ എ ആരോഗ്യത്തിനും കാഴ്ചശക്തിക്കും സഹായകരമാണ്. ഇതിലെ അയൺ ഘടകം വിളർച്ചയെ പ്രതിരോധിക്കാനും രക്താണുക്കളുടെ എണ്ണം കൂട്ടാനും സഹായിക്കും. ദഹന പ്രശ്നങ്ങൾക്കും മികച്ച പരിഹാരമാണ് ചക്കരക്കുരുവെന്നും കുറിച്ചിട്ടുണ്ട്. 100 ഗ്രാം ചക്കക്കുരുവിൽ 185 കലോറിയാണ് അടങ്ങിയിരിക്കുന്നത്, ഇതിൽ ഫാറ്റിന്റെ ഘടകം ഒരു ഗ്രാം മാത്രമാണ്.