വൈറസ് ബാധിച്ച് ചികിൽസയിലായിരുന്നയാൾ ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു

കരിം​ന​ഗർ: കൊറോണ വൈറസ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന രോഗി ആശുപത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചു. 70 കാരനായ കൊറോണ രോഗി ആശുപത്രി കട്ടിലില്‍ നിന്ന് താഴെ വീഴുകയും, വീഴ്ചയെ തുടര്‍ന്ന് ഇയാളുടെ മരണം സംഭവിക്കുകയുമായിരുന്നു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലാ ആശുപത്രിയിലാണീ സംഭവമുണ്ടായത്.

ഇന്നലെയാണ് ഇയാളുടെ മരണം സംഭവിച്ചത്. രോഗി താഴെ വീണ ഉടന്‍ തന്നെ തങ്ങള്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്നും ആരും ഉടനെ വന്ന് നോക്കാതിരുന്നത് കൊണ്ടാണ് മരണം സംഭവിച്ചതെന്നും മറ്റ് രോഗികള്‍ പറയുന്നു. ആശുപത്രിയില്‍ ഉള്ളവര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥ വ്യക്തമാക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തങ്ങളുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചതായി ആശുപത്രി അധികൃതരും സമ്മതിച്ചിട്ടുണ്ട്.

ഗംഗാധരമണ്ഡലിലെ വെങ്കട്ടൈപ്പള്ളി സ്വദേശിയാണ് മരിച്ച വ്യക്തി. ജൂലായ് 22നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊറോണ സ്ഥീരികരിച്ചു. ഓക്സിജന്‍റെ സഹായത്തോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതല്‍ ഇദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനെ തുടര്‍ന്നാണ് ഇയാളെ വെന്‍റിലേറ്ററിലാക്കിയത്. ഉറങ്ങുന്നതിനിടെയാണ് രോഗി കട്ടില്‍ നിന്ന് താഴെ വീണത്. വീഴ്ചയ്ക്കിടെ ഓക്‌സിജന്‍ ബന്ധം അറ്റുപോയതാണ് രോഗിയുടെ മരണത്തിന് കാരണമായത്. ഞായറാഴ്ച മാത്രം കരിംനഗറില്‍ 51 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തെലുങ്കാനയിലാകട്ടെ മൊത്തം 1593 കേസുകളും ഇന്നലെ മാത്രം പോസിറ്റീവായി. 54059 പേര്‍ക്കാണ് തെലുങ്കാനയില്‍ ഇതുവരെ കൊറോണ പോസിറ്റീവായിരിക്കുന്നത്. 463 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.