കേരളത്തിലും കര്‍ണാടകയിലും ഐഎസ്‌ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് യുഎന്‍

ന്യൂഡെൽഹി: ഐഎസ്ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം കേരളത്തിലും കര്‍ണാടകയിലും സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ലോകത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാം​ഗ്ൻസ് മോണിട്ടറിംഗ് ടീമിന്റെ റിപ്പോര്‍ട്ടിലാണ് ഇരുസംസ്ഥാനങ്ങളിലും ഐഎസ്‌ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം പരമര്‍ശിക്കുന്നത്.

ഇന്ത്യന്‍ മേഖലയില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിലും കര്‍ണാടകത്തിലും ഗണ്യമായ അളവില്‍ ഐഎസ് ഭീകകവാദികളുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വര്‍ഷം മെയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. വിലായ ഓഫ് ഹിന്ദ്(ഇന്ത്യ പ്രവിശ്യ) എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും അമാഖ് ന്യൂസ് ഏജന്‍സിയിലൂടെ ഐ.എസ്. അവകാശപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹേല്‍മന്ദ്, കാണ്ഡഹാര്‍ പ്രവിശ്യകളില്‍ നിന്ന് താലിബാനു കീഴിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വെയ്ദ പ്രവര്‍ത്തിക്കുന്നത്. ഒസാമ മഹ്മൂദ് ആണ് നിലവിലെ തലവന്‍.

അസിം ഉമര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഒസാമ മഹ്മൂദ് തലപ്പത്ത് എത്തിയത്. ഉമറിന്റെ മരണത്തിനു പകരം വീട്ടാന്‍ മേഖലയില്‍ ആക്രമണം നടത്താന്‍ ഇവര്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.