ജയലളിതയുടെ വസതി, വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാൻ സാധ്യത

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ ചെന്നൈ പോയസ് ഗാര്‍ഡനിലെ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു.നഷ്ടപരിഹാരമായി 67.9 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവച്ചാണ് ചെന്നൈ ജില്ലാഭരണകൂടം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. നഷ്ടപരിഹാര തുക ജയലളിതയുടെ സഹോദര മക്കളായ ദീപ, ദീപക്ക് എന്നിവര്‍ക്ക് കൈമാറും.ഹൈക്കോടതി നിര്‍ദേശമനുസരിച്ച് വേദനിലയം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കി മാറ്റുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്.

വേദനിലയത്തിൻ്റെ പത്തിലൊരു ഭാഗം ജയ സ്മാരകമായി നിലനിര്‍ത്തും. 36.9 കോടി രൂപയുടെ നികുതി കുടിശ്ശിക കേസില്‍ വേദനിലയം ഏറ്റെടുക്കണമെന്നു കാണിച്ച് നേരത്തെ ആദായ നികുതി വകുപ്പ് കോടതിയെ സമീപിച്ചിരുന്നു. വേദനിലയം വീടും അതിലെ സ്ഥാവര ജംഗമ വസ്തുക്കളും സർക്കാർ ഏറ്റെടുക്കും. ഫർണിച്ചറുകൾ, പുസ്തകങ്ങൾ, സ്വർണാഭരണങ്ങൾ തുടങ്ങിയ എല്ലാ വസ്തുക്കളും ഇനി സർക്കാർ ഉടമസ്ഥതയിലായിരിക്കും. മൂന്നു വർഷമായി ഈ വസ്തുക്കൾ ആരും ഉപയോഗിക്കുന്നില്ല.

2017 ഓഗസ്റ്റിലാണു വേദനിലയം ജയ സ്മാരകമാക്കാൻ എടപ്പാടി സർക്കാർ തീരുമാനിച്ചത്. ഇപിഎസ് വിഭാഗവുമായി ലയിക്കാൻ ഒപിഎസ് വിഭാഗം മുന്നോട്ടുവച്ച പ്രധാന നിബന്ധനകളിലൊന്നു ഇതായിരുന്നു. ജയയുടെ മരണ ശേഷം തോഴി ശശികലയും കുടുംബവുമാണു ഇവിടെ താമസിച്ചിരുന്നത്.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല അറസ്റ്റിലായതോടെ ഇവിടെ താമസക്കാരില്ലാതായി. ജയ സ്മാരകമാക്കാനായി വേദനിലയം ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ വർഷം ജൂണിലാണു സർക്കാർ ഇറക്കിയത്.