ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐസിഎംആർ സജീകരിച്ച പുതിയ ലാബിന്റെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. നോയിഡ,കൊൽക്കൊത്ത, മുംബൈ, എന്നിവിടങ്ങളിൽ നിർമിച്ചിരിക്കുന്ന ലാബിന്റെ ഉദ്ഘാടനം ജൂലായ് 27 നാണു നടക്കുക.. വിർച്വൽ പരിപാടിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ.
പ്രദേശത്തെ കൊറോണ വ്യാപനം അതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഐസിഎംആർ പുതിയ ലാബുകൾ കൂടി സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും പരിശോധന നിരക്ക് ഉയർത്താനും സാധിക്കും.
ജൂലായ് 23 വരെ ഒന്നര കോടിയിലധികം സാമ്പിളുകൾ ആണ് ഐസിഎംആർ പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം മൂന്നര ലക്ഷത്തോളം പരിശോധനകൾ നടത്തിയിരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇത് വരെ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 13 ലക്ഷത്തോട് അടുത്ത് എത്തിയിരിക്കുകയാണ്.