ഓഗസ്റ്റില്‍ സിനിമ തിയറ്റുകള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ശുപാര്‍ശ

ന്യൂഡെൽഹി: രാജ്യത്ത് അടഞ്ഞുകിടക്കുന്ന സിനിമ തിയറ്ററുകള്‍ അടുത്തമാസം തുറക്കുന്നത് പരിഗണിക്കണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. കൊറോണ വ്യാപന ഭീഷണിയെ തുടര്‍ന്ന് അഞ്ചുമാസമായി തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. തിയറ്ററുകള്‍ വീണ്ടും തുറന്ന് പ്രദര്‍ശനം ആരംഭിക്കുകയാണെങ്കില്‍ സീറ്റില്‍ ആളെ ഇരുത്തുന്നതിന് ഉള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വാര്‍ത്ത വിതരണമന്ത്രാലയം ശുപാര്‍ശ ചെയ്തു.

തിയറ്റര്‍ ഉടമകളുടെയും സിനിമ വിതരണക്കാരുടെയും പ്രതിനിധികള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രാലയ സെക്രട്ടറി അമിത് ഖരെയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റില്‍ തിയറ്റുകള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് വാര്‍ത്താ വിതരണമന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചത്.

ഒന്നിടവിട്ട നിരകളില്‍ ഒന്നിടവിട്ട സീറ്റുകളില്‍ ആളുകളെ ഇരുത്തണം. സാമൂഹിക അകലം, മാസ്‌ക്ക് എന്നിവ നിര്‍ബന്ധമാക്കണം. ഓരോ പ്രദര്‍ശനത്തിന് ശേഷവും തിയറ്റര്‍ പൂര്‍ണമായും അണുനശീകരണം നടത്തണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ 40 ശതമാനം സീറ്റിലെങ്കിലും ആളില്ലാതെ തിയറ്റര്‍ നടത്താനാകില്ലെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് തിയറ്ററുകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നുമാണ് ഫെഫ്ക ഉള്‍പ്പെടെയുള്ള സിനിമ സംഘടനകളുടെ അഭിപ്രായം.