കൊച്ചി: ബെംഗളുരുവിലെ നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറീസ് (എന്‍എഎല്‍) തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വെന്റിലേറ്റര്‍ ‘സ്വസ്ഥ്‌വായു’ നേരിട്ടു രോഗികളില്‍ പരീക്ഷിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ ഉടന്‍ ആരംഭിക്കും. ബെംഗളുരുവിലെ മണിപ്പാല്‍ ഹോസ്പിറ്റല്‍സിലാണ് പരീക്ഷണം നടക്കുക. പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധനും മണിപ്പാല്‍ ഹോസ്പിറ്റല്‍സ് പള്‍മനോളജി വകുപ്പു മേധാവിയുമായ ഡോ സത്യനാരായണ മൈസൂര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടര്‍ ഡോ അനുരാഗ് അഗര്‍വാള്‍ എന്നിവരുടെ സഹായത്തോടെയാണ് എന്‍എഎല്‍ ശാസ്ത്രജ്ഞര്‍ ‘സ്വസ്ഥ്‌വായു’ നിര്‍മിച്ചത്.
ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യത്തെ വെന്റിലേറ്ററാണിത്. അത്യാധുനിക സംവിധാനങ്ങളായ ബൈ ലെവല്‍ മോഡ്, കണ്ടിന്യൂവസ് പോസീറ്റീവ് എയര്‍വേ മോഡ്, നോണ്‍ വെന്റിലേറ്റഡ് മാസ്‌കുമായി നേരിട്ടു ബന്ധിപ്പിച്ച ത്രീഡി പ്രിന്റഡ് ഹെപ-ടി ഫില്‍റ്റര്‍ അഡാപ്റ്റര്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്. വൈറസ് വ്യാപന സാധ്യത തടയുന്നതിനാവശ്യമായ ഏറ്റവും പ്രധാന സംവിധാനങ്ങളാണിതെന്ന് ഡോ. സത്യനാരായണ പറഞ്ഞു. ശ്വസന പ്രശ്‌നങ്ങള്‍ നേരിടുന്ന കൊറോണ രോഗികള്‍ക്കും മറ്റു രോഗികളിലും ഉപയോഗിക്കാവുന്നതാണ് ‘സ്വസ്ഥ്‌വായു’ എന്നു പേരിട്ടിരിക്കുന്ന പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത വെന്റിലേറ്റര്‍.
ഏറെ കാലമായി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന വെന്റിലേറ്ററുകളാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ തദ്ദേശീയമായി ഈ ഉപകരണം വികസിപ്പിക്കാനായത് ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമ ശ്വാസകോശ മാതൃകകളില്‍ പരീക്ഷിച്ച് വിജയം കണ്ടതിനു ശേഷമാണ് ഇവ മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. നേരത്തെ നടത്തിയ പരീക്ഷണങ്ങള്‍ പൂര്‍ണ വിജയമായിരുന്നു.
എന്‍എബിഎല്‍ അക്രഡിറ്റഡ് ലാബില്‍ നടത്തിയ കര്‍ക്കശമായ ഇലക്ട്രിക്കല്‍ സുരക്ഷിതത്വ, പ്രകടന, കാലിബറേഷന്‍, ബയോ കോംപാറ്റിബിലിറ്റി പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി എന്‍എഎല്‍ ചീഫ് സയന്റിസ്റ്റും ഇലക്ട്രോണിക്‌സ് വിഭാഗം മേധാവിയുമായ ഡോ സി എം ആനന്ദ പറഞ്ഞു.