രാജസ്ഥാനിൽ നിയമസഭാ സമ്മേളനം വിളിക്കാൻ രാജ്ഭവനിൽ എംഎൽഎമാരുടെ കുത്തിയിരിപ്പ്

ജയ്പൂർ: നിയമസഭാ സമ്മേളനം വിളിക്കാൻ വൈകുന്ന ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ നേത്യത്വത്തിൽ കോൺഗ്രസ് എംഎൽഎമാർ രാജ്ഭവനിലെത്തി പ്രതിഷേധിച്ചു. ഗവർണർ മനപൂർവ്വം സമ്മേളനം വിളിക്കാൻ വിസമ്മതിക്കുകയാണെന്നും ഇക്കാര്യത്തിൽ അനാസ്ഥ കാട്ടിയാൽ ജനങ്ങൾ രാജ്ഭവൻ ഉപരോധിക്കുമെന്നും നേരത്തെ ഗെലോട്ട് മുന്നറിയിപ്പ് നൽകി. എം‌എൽ‌എമാരെ നാല് ബസുകളിലാണ് ആഡംബര റിസോർട്ടിൽ നിന്ന് ഗവർണർ കൽരാജ് മിശ്രയുടെ വസതിയിലെത്തിച്ചത്.

നൂറിലധികം പേരുണ്ടെന്ന് ഗെലോട്ട് പറഞ്ഞ കോൺഗ്രസ് എം‌എൽ‌എമാർ ഗേറ്റുകളിലൂടെ രാജ്ഭവൻ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഗെലോട്ട് ഗവർണർ കൽ‌രാജ് മിശ്രയെ കാണാൻ പോയപ്പോൾ നിയമസഭാംഗങ്ങൾ രാജ്ഭവനിലെ പൂന്തോട്ടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കൊറോണ വ്യാപനവും നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്യാൻ നിയമസഭാ സമ്മേളനം വിളിക്കണമെന്നാണ് ഗെലോട്ട് ഗവർണറോട് ആവശ്യപ്പെട്ടത്. എന്നാൽ സമ്മേളനം വിളിക്കാതെ ഗവർണർ തീരുമാനം നീട്ടികൊണ്ടു പോകുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

വിമത കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനും മറ്റ് 18 വിമത എം‌എൽ‌എമാർക്കുമെതിരായ അയോഗ്യതക്കേസിൽ രാജസ്ഥാൻ ഹൈക്കോടതി നില തുടരാൻ ഉത്തരവിട്ടതിനെ തുടർന്നാണ് പുതിയ സംഭവ വികാസങ്ങൾ.