ഭാരത് പെട്രോളിയം കോർപറേഷനിലെ ജീവനക്കാർക്ക് വിആർഎസ് നടപ്പാക്കാൻ നീക്കം

മുംബൈ: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷനിലെ ജീവനക്കാർക്ക് വിആർഎസ് നടപ്പാക്കാൻ നീക്കം. സ്വകാര്യ വത്കരണത്തിന്റെ ഭാഗമായാണ് വിആർഎസ് നടപ്പാക്കാൻ നീക്കം തുടങ്ങിയത്. 45 വയസിന് മുകളിൽ പ്രായം ഉള്ളവർക്കാണ് വിആർഎസ് അനുവദിക്കുന്നത്. ഇതനുസരിച്ച് കമ്പനിയിലെ 11,894 ജീവനക്കാരിൽ പകുതിയിൽ അധികം പേരും വിആർഎസിന് യോഗ്യരാണെന്നാണ് വിലയിരുത്തൽ.

വിആർഎസിന് താൽപര്യമുള്ളവർ ഓഗസ്റ്റ് 13നകം അപേക്ഷ നൽകണമെന്നും സെപ്റ്റംബർ 30 ഓടെ സൂക്ഷ്മ പരിശോധന നടപടികൾ പൂർത്തിയാക്കി മറ്റ് വിആർഎസ് ക്രമീകരണങ്ങളിലേക്ക് കമ്പനി കടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാകും അന്തിമതീരുമാനമെടുക്കുക.

ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനാല്‍ ജീവനക്കാരിലേറെപ്പേര്‍ അസംതൃപ്തരാണെന്നാണ് സംഘടനകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍പേര്‍ വിആര്‍എസിന് അപേക്ഷിച്ചേക്കും. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനുംമറ്റുമായി കമ്പനിക്ക് ചെലവായത് 3,664.18 കോടി രൂപയാണ്.