ബാബ്റി മസ്ജിദ് തകർത്ത സംഭവത്തിൽ സിബിഐ കോടതി അദ്വാനിയുടെ പ്രസ്താവന രേഖപ്പെടുത്തി

ന്യൂഡെൽഹി: ബാബ്റി മസ്ജിദ് തകർത്ത സംഭവത്തിൽ പ്രത്യേക സിബിഐ കോടതി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയുടെ പ്രസ്താവന രേഖപ്പെടുത്തി. കേസിൽ കുറ്റാരോപിതനായ മുൻ ഉപപ്രധാനമന്ത്രിയുടെ പ്രസ്താവന വീഡിയോ ലിങ്ക് വഴി ലഖ്‌നൗ കോടതി രേഖപ്പെടുത്തി. ബിജെപി മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയും സ്‌പെഷ്യൽ ജഡ്ജി എസ് കെ യാദവിന് മുൻപാകെ വീഡിയോ കോൺഫറൻസിലൂടെ ഹാജരായി.

കേസിലെ മറ്റു പ്രതികളായ രാം ചന്ദ്ര ഖത്രിയ, ശിവസേന എംപി സതീഷ് പ്രധാൻ എന്നിവരുടെ മൊഴികൾ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. സി‌ആർ‌പി‌സി സെക്ഷൻ 313 പ്രകാരം ആകെ 32 പ്രതികളുടെ മൊഴി കോടതി രേഖപ്പെടുത്തുന്നുണ്ട്. ഓഗസ്റ്റ് 31 നകം വിചാരണ അവസാനിപ്പിക്കാൻ സുപ്രീംകോടതി നിർദേശമുള്ളതിനാൽ ദിവസവും കോടതി കേസ് സംബന്ധിച്ചുള്ള വാദം കേൾക്കും.

കേസിലെ മറ്റൊരു പ്രതിയായ സുധീർ കക്കാടിന്റെ മൊഴി തിങ്കളാഴ്ച നേരിട്ട് കോടതി രേഖപ്പെടുത്തിയിരുന്നു. അദ്വാനിയ്ക്കും മുരളി മനോഹര്‍ ജോഷിയ്ക്കും പുറമെ ഉമാ ഭാരതി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും ബാബ്റി മസ്ജിദ് തകര്‍ത്ത കേസിൽ പ്രതിപ്പട്ടികയിലുണ്ട്.

1992 ഡിസംബർ 6 നാണു അയോദ്ധ്യയിലെ പള്ളി പൊളിച്ചു മാറ്റിയത്. അതേ സ്ഥലത്ത് രാമ ക്ഷേത്രം തന്നെ ആയിരുന്നു എന്ന അവകാശ വാദം ആയിരുന്നു ഉന്നയിക്കപ്പെട്ടത്. അദ്വാനിയും ജോഷിയും അക്കാലത്ത് രാമക്ഷേത്ര പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്നു. കഴിഞ്ഞ നവംബറിലാണ് തർക്ക ഭൂമി രാമ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതായും സുന്നി വഖഫ് ബോർഡിന് 5 ഏക്കർ അനുവദിച്ചു കൊണ്ടും വിധി വന്നത്.