ഗാസിയാബാദിൽ അഞ്ചംഗ സംഘം വെടിവച്ച മാധ്യമപ്രവർത്തകൻ ആശുപത്രിയിൽ മരിച്ചു

ഗാസിയാബാദ്: വിജയ് നഗറിലെ വസതിക്ക് സമീപം അഞ്ചംഗ അക്രമി സംഘം വെടിവച്ച മാധ്യമപ്രവർത്തകൻ വിക്രം ജോഷി ആശുപത്രിയിൽ മരിച്ചു. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. തലയിൽ ബുള്ളറ്റ് കൊണ്ട് ഏറ്റ ഗുരുതര പരിക്കാണ് ജോഷിയുടെ മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഗാസിയാബാദിൽ പെൺമക്കളുടെ മുന്നിൽ വച്ചാണ് ജോഷി ആക്രമണത്തിന് ഇരയായത്. മക്കള്‍ക്കൊപ്പം ബൈക്കില്‍ പോകവെ അഞ്ചംഗ സംഘം ഇവരെ തടയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സമീപത്ത് വന്ന രണ്ടു പേരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.

അക്രമത്തിന്‍റെ ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാൽ വെടിയുതിർത്തത് ആരെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. രണ്ട് പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തിട്ടുണ്ട്. തന്‍റെ അനന്തരവളെ ഒരു സംഘം ശല്യപ്പെടുത്തുന്നുവെന്ന് വിക്രം ജോഷി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അതിന് നാല് ദിവസത്തിന് ശേഷമാണ് അക്രമമുണ്ടായത്.