ശ്രീനഗർ: അമർനാഥ് തീർത്ഥാടനം ഈ വർഷം ഉപേക്ഷിച്ചതായി ജമ്മു കാശ്മീർ ഭരണകൂടം. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം നടക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ അമർനാഥ് യാത്ര നടത്താൻ സാധിക്കില്ലെന്നും. വിദഗ്ധാഭിപ്രായത്തെ തുടർന്നാണ് 2020 ലെ അമർനാഥ് തീർത്ഥാടനം വേണ്ട എന്ന നിലപാടിലേക്ക് എത്തിയത് എന്നും രാജ് ഭവൻ ഇറക്കിയ പത്രകുറിപ്പിൽ പറയുന്നു. ചൊവ്വാഴ്ചയാണ് ജമ്മു കാശ്മീർ രാജ് ഭവൻ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അമർനാഥ് ക്ഷേത്ര ഭരണവും തീർത്ഥാടനവും സംഘടിപ്പിക്കുന്ന അമർനാഥ് ക്ഷേത്ര ബോർഡിൻ്റെ ചെയർമാൻ ജമ്മു കാശ്മീർ ഗവർണറായ ഗിരീഷ് ചന്ദ്ര മുർമുവാണ്. വീഡിയോ കോൺഫ്രൻസിലൂടെ ബോർഡ് അംഗങ്ങളുമായി ഗവർണർ നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്. ഭക്തജനങ്ങളുടെ വികാരം മാനിച്ച് അമർനാഥ് ക്ഷേത്രത്തിലെ രാവിലെയും വൈകീട്ടും ഉള്ള ആരതിയും പൂജകളും ലൈവായി ടെലികാസ്റ്റ് ചെയ്യുമെന്നും, വെർച്വൽ ദർശനം അനുവദിക്കുമെന്നും പത്ര കുറിപ്പ് അറിയിക്കുന്നു.
ഇതിന് പുറമേ പാരമ്പര്യ വിധിപ്രകാരമുള്ള എല്ലാ ചടങ്ങുകളും ക്ഷേത്രത്തിൽ നടക്കുമെന്നും രാജ് ഭവൻ അറിയിച്ചു. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 11.5 ലക്ഷം കവിഞ്ഞതിന് പിന്നാലെയാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ജമ്മു കാശ്മീർ ഭരണകൂടവും ക്ഷേത്ര ഭരണ ബോർഡും എത്തിയത്.