മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതി നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വെല്ലൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി വെല്ലൂർ സെൻട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെയോടെ ആണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ 29 വർഷമായി നളിനി തടവിലാണ്. എന്നാൽ നളിനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇവരുടെ അഭിഭാഷകൻ പുകഴെന്തി പറഞ്ഞു. നളിനി ജയിലിൽ സുരക്ഷിതയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു.

ആദ്യമായാണ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതെന്ന് അഭിഭാഷകൻ പുകഴെന്തി പറഞ്ഞു. നളിനിയും മറ്റൊരു തടവുകാരിയും തമ്മിൽ ഏതാനും ദിവസം മുമ്പ് വഴക്കുണ്ടായിരുന്നു. ഇത് സഹതടവുകാർ വാർഡനെ അറിയിച്ചിരുന്നു. തുടർന്ന് സെല്ലിൽ ഒപ്പമുണ്ടായിരുന്ന തടവുകാരിയെ വേറെ ബ്ലോക്കിലെക്ക് മാറ്റണമെന്ന് നളിനി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതെ വന്നതാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് ജയിൽ അധികൃതർ പറഞ്ഞത്.

അതേസമയം നളിനിയെ വെല്ലൂരിൽ നിന്നും പുഴൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപെട്ടു കൊണ്ട് കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു. ജയിലിലെ ആത്മഹത്യാ ശ്രമം സംശയകരമാണെന്നും അധികൃതർ സത്യം മറച്ചു വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ജയിലിലെ സഹ തടവുകാരിയെ നളിനി ഉപദ്രവിച്ചെന്ന പരാതിയിൽ ജയിൽ അധികൃതരുടെ അന്വേഷണത്തിൽ സഹകരിക്കാൻ നളിനി വിസമ്മതിക്കുകയും ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നുവെന്നും ജയിൽ അധികൃതർ പറഞ്ഞു.

1991 മെയ് 21 -ന് രാത്രി പത്തരയോടെയാണ് ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നത്. കേസിലെ പ്രതികൾക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചിരുന്നു എങ്കിലും 2014 ൽ നളിനി അടക്കം നാലു പേരുടെ ശിക്ഷ ജീവപര്യന്തമായി വെട്ടിച്ചുരുക്കുകയായിരുന്നു. നളിനിയെ കൂടാതെ ഭർത്താവ് മുരുകൻ, എ ജി പേരാരിവാളൻ, സന്തൻ, ജയകുമാർ, രവിചന്ദ്രൻ, റോബർട്ട് പ്യാസ് എന്നിവരാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റു കുറ്റവാളികൾ.