ഗാസിയാബാദ്: മക്കളുടെ മുന്നില്‍ വച്ച് മാധ്യമ പ്രവര്‍ത്തകനു നേരേ അഞ്ചംഗ സംഘം വെടിയുതിര്‍ത്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് ഗാസിയാബാദില്‍ ജോഷി എന്ന മാധ്യമ പ്രവര്‍ത്തകനു നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം.
ആക്രമണത്തില്‍ തലക്കു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഗാസിയാബാദിലെ വിജയ നഗറിലെ റോഡിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇദ്ദേഹം മക്കളുമായി വരുന്നതിനിടെ ബൈക്കു നിലത്തു വീഴുകയും കുറച്ചു പേര്‍ ചേര്‍ന്നു ജോഷിയെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഭയപ്പെട്ട മക്കള്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ വീണ്ടും സമീപത്തുള്ള കാറിനരികിലേക്കു വലിച്ചു കൊണ്ടു പോയി ആക്രമിച്ച ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു എത്തിച്ചത്. എന്നാല്‍ വെടി വക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമല്ല.
സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ക്കു മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തെ അടുത്തറിയാമെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ തന്റെ പെങ്ങളുടെ മകളെ ഒരു സംഘം ആളുകള്‍ ശല്യപ്പെടുത്തുന്നതായി പറഞ്ഞു ഇദ്ദേഹം പോലീസില്‍ അടുത്തിടെ പരാതിപ്പെട്ടിരുന്നു. ഈ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കുടൂംബത്തിന്റെ മൊഴി.