ഹൈദരാബാദ്: പത്താം ക്ലാസിൽ പഠനം നിർത്തിയ വ്യാജ ഡോക്ടർമാർ 30 കിടക്കകളുള്ള ആശുപത്രി തുടങ്ങി. മൂന്ന് വർഷമാണ് ഡോക്ടർമാരെന്ന് നടിച്ച് പത്താംക്ലാസ് പാസ്സാകാത്തവർ ആശുപത്രി നടത്തിയത്. ഒടുവിൽ പോലീസ് ഇവരെ പൊക്കി.
ഹൈദരാബാദിലെ മെഹ്ദിപട്‌നത്താണ് സംഭവം.
മുഹമ്മദ് ശുഐബ് സുഭാനിയും മുഹമ്മദ് അബ്ദുൽ മുജീബും ചേർന്നാണ് ആശുപത്രി നടത്തിയിരുന്നത്. കൂടാത്തതിന് മുജീബ് ഹുമയൂൺനഗറിലെ സ്വകാര്യ ആശുപത്രിയുടെ എംഡിയായും പ്രവർത്തിച്ചു. ഒരു ആശുപത്രി എങ്ങനെ നടത്തണമെന്ന് ഇതുവഴി പഠിച്ച മുജീബ് സുഭാനിയെ കൂടി കൂട്ടത്തിൽ ചേർക്കുകയായിരുന്നു.
മെഹ്ദിപട്‌നത്തിലെ ആസിഫ നഗറിലാണ് സമീർ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇരുവരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്.
ഡോ.മുഹമ്മദ് അബ്ദുൽ മുജീബ് എന്ന പേരിൽ മുജീബ് ഒരു ആധാർ കാർഡും സംഘടിപ്പിച്ചു. ഇതറിയാതെ ഇരുവരുടേയും പേരിൽ സുഭാനി ആശുപത്രി രജിസ്‌ട്രേഷന് നൽകി. ജില്ലാ മെഡിക്കൽ ഓഫിസർ ആശുപത്രിക്ക് രജിസ്‌ട്രേഷൻ നൽകുകയും ചെയ്തു. ഒക്ടോബർ 2017 മുതൽ അഞ്ച് വർഷത്തേക്കായിരുന്നു ലൈസൻസ്. രോഗികളെ ചികിത്സിക്കാൻ രണ്ട് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു.