കൊറോണ രോഗികൾക്ക് പ്ലാസ്മ നൽകാൻ തയ്യാറെന്ന് ആം ആദ്മി എംഎൽഎ അതിഷി

ന്യൂഡെൽഹി: ​ കൊറോണ ബാധിച്ച് ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികൾക്ക് പ്ലാസ്മ നൽകാൻ തയ്യാറാണെന്ന് അറിയിച്ച് ആം ആദ്മി പാർട്ടി എംഎൽഎ അതിഷി മർലേന. കൊറോണ ​രോ​ഗബാധയിൽ നിന്ന് മുക്തി നേടിയ വ്യക്തിയായ അതിഷി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി അഅരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളരാണ് അതിഷിയുടെ ട്വീറ്റിനെ അഭിനന്ദിച്ചുള്ള ട്വീറ്റുമായെത്തിയത്. പ്ലാസ്മ ദാനം ചെയ്യാനുള്ള അതിഷിയുടെ തീരുമാനത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പിന്തുണച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആന്റ് ബില്യറി സയൻസിലെ ഡെൽഹി സർക്കാരിന്റെ പ്ലാസ്മ ബാങ്കിനാണ് പ്ലാസ്മ നൽകുന്നതെന്നും അതിഷി കൂട്ടിച്ചേർത്തു. മെഡിക്കൽ മാനദണ്ഡങ്ങളനുസരിച്ച് പ്ലാസ്മ ദാനം ചെയ്യാൻ സാധിക്കുമെന്ന് അറിയിക്കുന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു. ഐഎൽബിഎസിലെ ദില്ലി സർക്കാരിന്റെ പ്ലാസ്മ ബാങ്കിന് പ്ലാസ്മ നൽകാനാണ് തീരുമാനം. അതിഷി ട്വീറ്റിൽ അറിയിച്ചു.

ദക്ഷിണ ഡെൽഹിയിലെ കൽക്കാജി മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് അതിഷി മർലേന. കഴിഞ്ഞ മാസമാണ് ഇവർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. എഎപിയിൽ നിന്നുള്ള മറ്റു രണ്ടു നേതാക്കളായ വിശേഷ് രവി, രാജ് കുമാർ ആനന്ദ് എന്നിവർക്കും രോഗം കണ്ടെത്തിയിരുന്നു.

കൊറോണ രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഡെൽഹി. രാജ്യത്തെ ആദ്യത്തെ പ്ലാസ്മ തുടങ്ങിയതും ഡെൽഹിയിലാണ്. നേതാക്കളും ജനപ്രതിനിധികളുമൊക്കെ പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ടെങ്കിലും സാധാരണക്കാർ ഇപ്പോഴും ഈ രീതിയോട് വിമുഖത കാണിക്കുകയാണ്.