ന്യൂഡെൽഹി: കൊറോണ പ്രതിരോധ വാക്സിൻ വികസിപ്പിക്കാനൊരുങ്ങി ഏഴ് ഇന്ത്യൻ മരുന്ന് കമ്പനികൾ. മാസങ്ങൾക്കകം വാക്സിൻ വികസിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. ആഗോള തലത്തിൽ 1.4 കോടി ജനങ്ങളെ ബാധിച്ചകൊറോണ രോഗത്തെ ചെറുക്കാൻ ഇതുവരെ മരുന്ന് വികസിപ്പിക്കാൻ സാധിച്ചിട്ടില്ല. സാധാരണ നിലയിൽ ഒരു വാക്സിൻ വികസിപ്പിക്കുന്നതിനും അവ പരീക്ഷണം പൂർത്തിയാക്കി പുറത്തിറക്കുന്നതിനും വർഷങ്ങൾ വേണ്ടിവരും. എന്നാൽ നാശംവിതച്ചുകൊണ്ടിരിക്കുന്ന കൊറോണയെ തുരത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ വികസിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം.
ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, സിഡസ് കാഡില, പനാസിയ ബയോടെക്, ഇന്ത്യൻ ഇമ്യൂണോളജിക്കൽസ്, മൈൻവാക്സ്, ബയോളജിക്കൽ ഇ എന്നിവരാണ് ഇന്ത്യയിൽ കൊറോണ വാക്സിൻ നിർമിക്കാൻ തയാറെടുക്കുന്നത്.
നിലവിൽ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി. പിജിഐ റോത്തക്കിലായിരുന്നു ആദ്യഘട്ട പരീക്ഷണം. മൂന്നുപേരിൽ നടത്തിയ പരീക്ഷണത്തിൽ പ്രതികരണം അനുകൂലമാണെന്നും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചിരുന്നു.