അസ്സമിൽ വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 107 ആയി

ദിസ്പൂർ: അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 107 ആയി. സംസ്ഥാനത്തെ 33 ജില്ലകളിൽ 26 ജില്ലകളും പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി റോഡുകളും വീടുകളും വിളകളും പാലങ്ങളുമൊക്കെ നശിച്ചു.

ഇതുവരെ സംസ്ഥാനത്ത് 81 പേരാണ് പ്രളയത്തിൽ മരണപ്പെട്ടത്. 26 പേരുടെ മരണം മണ്ണിടിച്ചിലിൽ പെട്ടായിരുന്നു. 290 ക്യാമ്പുകളാണ് സംസ്ഥാനത്ത് സജീകരിച്ചിരിക്കുന്നത്. 47,465 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി. 36 ലക്ഷം പേരെ പ്രളയം ബാധിച്ചു എന്നാണ് അസം ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്.

കാസിരംഗ ദേശീയോദ്യാനത്തിലെ നൂറോളം വന്യ ജീവികളും വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടു എന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. ഇതിൽ 9 കാണ്ടാമൃഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കാസിരംഗയുടെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്. ജീവികളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 136 പേരെ രക്ഷപ്പെടുത്തുകയും 111 മൃഗങ്ങളെ കാട്ടിലേക്ക് തുറന്നു വിട്ടതായും അധികൃതർ പറയുന്നു. കാസിരംഗയിൽ പ്രളയം പതിവാണ്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിൻ്റെ ഏറ്റവും വലിയ വാസ സ്ഥലമായ കാസിരംഗയിൽ 2400 കാണ്ടാമൃഗങ്ങളും 121 കടുവകളും ഉണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ 18 കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 200 മൃഗങ്ങളാണ് ഇവിടെ കൊല്ലപ്പെട്ടത്.