രാജ്യ തലസ്ഥാനത്ത് ആശ്വാസം; വൈറസ് ബാധിതരും മരണങ്ങളും കുറയുന്നു

ന്യൂഡെൽഹി: കൊറോണ വൈറസ് ബാധ ഏറെ രൂക്ഷമായിരുന്ന രാജ്യ തലസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡെൽഹിയിൽ 1,475 പുതിയ കേസുകളും 26 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. തലസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1,21,582 ആയി. ഇതുവരെ 3,597 പേരാണ് മരിച്ചത്.

ജൂൺ 23 ന് 3,947 പേർക്ക് രോഗബാധയുണ്ടായതാണ് ഡെൽഹിയിൽ വൈറസ് ബാധിതരുടെ ഏണ്ണത്തിൽ കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ എട്ടു ദിവസങ്ങളായി ഡെൽഹിയിൽ രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ പിടിച്ചു നിർത്താൻ കഴിയുന്നത് ഫലപ്രദമായ നിയന്ത്രങ്ങളെ തുടർന്നാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. വെള്ളി, ശനി ദിവസങ്ങളിൽ തലസ്ഥാനത്തെ മരണസംഖ്യ 26 കുറഞ്ഞിട്ടുണ്ട്. ജൂൺ 9 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏകദിന മരണനിരക്കാണിത്. വെള്ളിയാഴ്ച 1,462 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്.

എന്നാൽ ഡെൽഹിയിലെ ചില ആശുപത്രികളിൽ കവാസാക്കി രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കപ്പെട്ട കുട്ടികൾക്ക് കൊറോണ അണുബാധയുള്ളതായി ഡോക്ടർമാർ സംശയിക്കുന്നു.
രക്തക്കുഴലുകൾക്ക് വീക്കം സംഭവിക്കുന്ന അജ്ഞാത രോഗമാണ് കവാസാക്കി. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്ന്
വിദഗ്ധർ പറയുന്നു.