ഗോമൂത്രം കുടിക്കൂ; കൊറോണ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കൂ; ബിജെപി നേതാവ് ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ഗോമൂത്രം കുടിച്ച് കൊറോണ ചെറുക്കാനുള്ള പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആഹ്വാനവുമായി ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബിജെപി സംഘടിപ്പിക്കുന്ന ‘ചായ് പെ ചര്‍ച്ചയില്‍’ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനിപ്പോള്‍ പശുവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പലര്‍ക്കും അത് ബുദ്ധിമുട്ടാവും. കഴുതകള്‍ക്ക് പശുവിന്റെ പ്രാധാന്യം പറഞ്ഞാല്‍ ഒരിക്കലും മനസ്സിലാകില്ല. ഇത് ഇന്ത്യയാണ്,കൃഷ്ണഭഗവാന്റെ നാട് , ഇവിടെ പശുക്കളെ ആരാധിക്കും. നമുക്ക് പശുവിന്റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. മദ്യം കഴിക്കുന്നവര്‍ക്ക് പശുവിന്റെ പ്രാധാന്യം എങ്ങനെ മനസ്സിലാകാനാണ്’; ദിലീപ് ഘോഷ് പറഞ്ഞു.

ഇത് ആദ്യമായാല്ല ദിലീപ് ഘോഷ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്. പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന വിശ്വാസിച്ച് നിരവധിപേരാണ് പശുവിനെയും കൊണ്ട് ബാങ്കിലെത്തിയത്. പശുവിനെ പണയംവച്ച് പണം വാങ്ങാനാണ് കര്‍ഷകര്‍ എത്തിയത്.