മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർമാതാവ് ആദിത്യ ചോപ്രയുടെ മൊഴിയെടുത്തു. ഏകദേശം നാലുമണിക്കൂറോളം ആദിത്യ ചോപ്ര പൊലീസ് സ്‌റ്റേഷനിൽ ചെലവഴിച്ചതായാണ് വിവരം. കേസ് അന്വേഷിക്കുന്ന ബന്ദ്ര പൊലീസാണ് ആദിത്യ ചോപ്രയുടെ മൊഴിയെടുത്തത്.
ജൂൺ 14നാണ് സുശാന്തിനെ മുബൈയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്. താരത്തിന്റെ മരണം സിനിമാ മേഖലയിലെ അടിച്ചമർത്തലിനെ തുടർന്നുണ്ടായ വിഷാദം മൂലമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംവിധായകൻ കരൺ ജോഹർ, ആദിത്യ ചോപ്ര ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദിത്യ ചോപ്രയുടെ മൊഴി എടുത്തത്. കേസുമായി ബന്ധപ്പെട്ട് 34 പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയെയും പൊലീസ് ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് ബൻസാലിക്ക് മുംബൈ പൊലീസ് സമൻസ് നൽകി.
അതേസമയം യഷ്രാജ് ഫിലിംസിലെ കാസ്റ്റിങ് ഡയറക്ടറായ ഷാനു ശർമ്മയോട് രണ്ടാംവട്ട ചോദ്യം ചെയ്യലിന് ഹാജരാവാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ജൂൺ 28ന് ഷാനു ശർമ്മയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്ത് സിങ് രജപുത്ത് അഭിനയിച്ച ശുദ്ധ് ദേശി റൊമാൻസിന്റെ കാസ്റ്റിങ് ഡയറക്ടർ ഷാനു ശർമ്മയായിരുന്നു.