ബംഗളൂരു: ചികിത്സ ലഭിക്കുന്നില്ല എന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്പില് യുവാവിന്റെ പ്രതിഷേധം. കൊറോണ സ്ഥിരീകരിച്ച യുവാവ് തനിക്കും കുടുംബത്തിനും ചികിത്സ ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചത്.
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ വസതിക്ക് മുന്നിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ‘എനിക്ക് രോഗം ഉളളതായി തോന്നുന്നു. എന്റെ മകന് പനിയുണ്ട്. അധികൃതര്‍ പറഞ്ഞത് എനിക്ക് കൊറോണ ആണ് എന്നാണ്. ചികിത്സയ്ക്കായി ഒരു കിടക്ക പോലും കിട്ടുന്നില്ല’- രോഷാകുലനായ യുവാവ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിന്ന് തുടര്‍ച്ചയായി ആക്രോശിച്ചു.
എന്നാല്‍ യുവാവിന്റെ ആരോപണം യെഡിയൂരപ്പയുടെ അടുത്തവൃത്തങ്ങള്‍ നിഷേധിച്ചു. ആശുപത്രിയില്‍ ഒന്നും പോകാതെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവാവ് നേരിട്ട് വരികയായിരുന്നുവെന്നാണ് വിശദീകരണം. കൈയില്‍ പണമില്ലാത്തത് കൊണ്ടാണ് യുവാവ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വന്നത്. അയാളെയും കുടുംബത്തെയും ആശുപത്രിയിലാക്കുന്നതിന് ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കിയതായും മുഖ്യമന്ത്രിയുടെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
കര്‍ണാടകയില്‍ ഓരോ ദിവസം കഴിയുന്തോറും കൊറോണ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. ഇന്നലെ മാത്രം 4000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 50000ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.