ഡെൽഹിയിൽ കൊറോണ ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർധന

ന്യൂഡെൽഹി: ഡെൽഹിയിൽ കൊറോണ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. രോഗമുക്തി നിരക്ക് 82.34 ശതമാനമായി ഉയർന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് ഡെൽഹിയിലാണ്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തുന്നു. 97,693 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.

പുതിയ കൊറോണ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ മുകളിലാണ് ദിവസേന രോഗം ഭേദമാകുന്നവരുടെ എണ്ണം. പ്രതിദിന രോഗബാധ രണ്ടായിരത്തിൽ താഴെ കൊണ്ടുവരാനായതും ആശ്വാസമായി. കൊറോണ ബാധിച്ചുള്ള മരണം കുറയ്ക്കുന്നതിലാണ് കൂടുതൽ ശ്രദ്ധയെന്ന് ഡെൽ​ഹി സർക്കാർ വ്യക്തമാക്കി. രാജ്യ തലസ്ഥാനത്ത് കൊറോണ പരിശോധനയുടെ എണ്ണവും കൂട്ടി. ഇതുവരെ ഏഴര ലക്ഷം സാമ്പിളുകളാണ് ഡെൽ​ഹിയിൽ പരിശോധിച്ചത്.

അതേസമയം രാജ്യത്ത് ഇതുവരെ 1,30,72,718 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 3,33,228 സാമ്പിളുകള്‍ പരിശോധിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന സാമ്പിള്‍ പരിശോധനയാണിത്.

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷത്തിലേക്ക് എത്താന്‍ എടുത്തത് വെറും 20 ദിവസമാണ്. പ്രതിദിന വര്‍ദ്ധന മുപ്പതിനായിരത്തിന് മുകളിലേക്ക് ഉയരുമ്പോള്‍ അടുത്ത 20 ദിവസത്തില്‍ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കാനാണ് സാധ്യത. 10,03,832 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 34,956 പേര്‍ക്ക് രോഗം ബാധിക്കുകയും 687 പേര്‍ മരണമടയുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 25602 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.