കൊറോണ ലക്ഷണമുള്ളവർ മരിച്ചാൽ പരിശോധനാഫലം വരും മുമ്പേ മൃതദേഹം വിട്ടുകൊടുക്കാം: കേന്ദ്രത്തിൻ്റെ ഉത്തരവിറങ്ങി

ന്യൂഡെൽഹി: കൊറോണ രോഗലക്ഷണമുള്ളവർ മരിച്ചാൽ പരിശോധനാ ഫലം വരും മുൻപ് തന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്നാൽ സംസ്കാരത്തിന് കൊറോണ പ്രോട്ടോകോൾ പാലിക്കണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറത്തിറക്കി. സംസ്കാരത്തിന് ശേഷം ഫലം പൊസിറ്റീവ് ആയാൽ സമ്പർക്ക പട്ടിക തയ്യാറാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഫലം വരാൻ രണ്ടും മൂന്നും ദിവസങ്ങള്‍ എടുക്കുന്നത് മൂലം മൃതദേഹം സൂക്ഷിക്കുന്നത് ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ആരോ​ഗ്യ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയത്.

അതേസമയം ലോകത്താകെയുള്ള കൊറോണ രോഗികളിൽ 7 ശതമാനത്തിലധികം ഇന്ത്യയിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 32685 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 968876 ആയി. മരണനിരക്കിലും ഏറ്റവും വലിയ വര്‍ദ്ധനയാണ് ഇന്നുണ്ടായത്. 24 മണിക്കൂറിൽ 606 പേര്‍ കൂടി മരിച്ചു. ആകെ മരണം 24915 ആയി. 331146 പേരാണ് രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 612815 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി 63.25 ആയി ഉയര്‍ന്നു.