സിബിഎസ്ഇ പത്താംക്ലാസ് 91.46 വിജയ ശതമാനം; തിരുവനന്തപുരം വിജയ ശതമാനത്തില്‍ മുന്നിൽ

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ 91.46 വിജയ ശതമാനം. ഫലം പ്രസിദ്ധീകരിച്ചു. മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് വിജയ ശതമാനത്തില്‍ മുന്നില്‍. കേരളത്തില്‍ പരീക്ഷ എഴുതിയതില്‍ 99.28 ശതമാനം പേര്‍ വിജയം നേടി. http://cbseresults.nic.in എന്ന വെബ് സൈറ്റില്‍ ഫലം അറിയാം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.36 ശതമാനം പേര്‍ ഇക്കുറി വിജയം നേടിയതായി സിബിഎസ്ഇ അറിയിച്ചു. മേഖലാടിസ്ഥാനത്തില്‍ ചെന്നൈ രണ്ടാമതും (98.95) ബംഗളൂരു മൂന്നാം സ്ഥാനത്താണ്.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ പരീക്ഷ എഴുതിയവരില്‍ 99.23 ശതമാനം പേര്‍ വിജയം നേടി. ഗവ. സ്‌കൂളുകളില്‍ 80.91 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 77.82 ശതമാനവുമാണ് വിജയം.

ഫലപ്രഖ്യാപനം സാധ്യമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി മാനവ വിഭവ ശേഷി വകുപ്പു മന്ത്രി രമേശ് പൊഖ്രിയാല്‍ പറഞ്ഞു.