ന്യൂഡെല്‍ഹി: ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാന്‍ സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തിലാണ് സുപ്രധാന തീരുമാനം. 300 കോടി രൂപയ്ക്കുവരെ ആയുധങ്ങള്‍ വാങ്ങാന്‍ സായുധ സേനകള്‍ക്ക് അധികാരം നല്‍കിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഓര്‍ഡര്‍ നല്കി 12 മാസങ്ങള്‍ക്കകം സൈന്യത്തിന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ലഭ്യമാകുമെന്ന് ഉറപ്പാക്കുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനാണ് നീക്കം. ഓര്‍ഡര്‍ നടപടികള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കുകയും ആയുധങ്ങള്‍ ഒരു വര്‍ഷത്തിനകം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. എത്രതവണ ആയുധങ്ങള്‍ വാങ്ങാം എന്നതിന് പരിധി നിശ്ചയിക്കില്ല. ഇതനുസരിച്ച് 300 കോടിക്കോ അതിനു താഴെയോ ഉള്ള നിരവധി ഓര്‍ഡറുകള്‍ സായുധ സേനകള്‍ക്ക് നല്‍കാം.
38,900 കോടിരൂപ ചിലവാക്കി 33 യുദ്ധവിമാനങ്ങളും മിസൈല്‍ സംവിധാനങ്ങളും അടക്കമുള്ളവ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഈമാസം ആദ്യം പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. റഷ്യയില്‍നിന്ന് 21 മിഗ് 29 വിമാനങ്ങളും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍നിന്ന് 12 സുഖോയ് 30 വിമാനങ്ങളും അടക്കമുള്ളവ വാങ്ങുന്നതിനാണ് അനുമതി. ലഡാക്ക് അടക്കമുള്ള അതിര്‍ത്തി മേഖലകളിലെ സുരക്ഷ ശക്തമാക്കുന്ന കാര്യം ചര്‍ച്ചചെയ്യാനാണ് ഡിഎസിയുടെ അടിയന്തര യോഗം ചേര്‍ന്നത്.