ബ്രഹ്മപുത്ര നദിയിലൂടെ ടണൽ റോഡ് നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി

ന്യൂഡെൽഹി: ബ്രഹ്മപുത്ര നദിയിലൂടെ ടണൽ റോഡ് നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതിയായി. ഇന്ത്യയിൽ ആദ്യമായാണ് ഒരു നദിക്കടിയിലൂടെ ടണൽ നിർമിക്കുന്നത്. 14.85 കിലോമീറ്റർ നീളമുള്ള തുരങ്കം അസമിലെ ഗോഹ്‌പൂർ നുമലിഗഡ് പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ആണ്.

സൈനിക സാമഗ്രികൾ, യുദ്ധോപകരണങ്ങൾ മുതലായവ എത്തിക്കുന്നതിന് ഇത് വളരെയധികം പ്രയോജനപ്പെടും.
ഡിസംബറിൽ ആയിരിക്കും തുരങ്കത്തിന്റെ നിർമാണം ആരംഭിക്കുക. മൂന്നു ഘട്ടങ്ങളിൽ ആയി ആയിരിക്കും തുരങ്ക നിർമാണം നടക്കുക എന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു

തുരങ്കത്തിനുള്ളിൽ വെള്ളം കയറാതിരിക്കാൻ ഉള്ള എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും രൂപകല്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വെന്റിലേഷൻ സംവിധാനം, അഗ്നിശമന സേവന സംവിധാനം, ഫുട്പാത്ത്, ഡ്രെയിനേജ് സംവിധാനം, എമർജൻസി എക്സിറ്റ് എന്നിവ തുരങ്കത്തിനുളളിൽ ഉണ്ടായിരിക്കും.

ഇംഗ്ലീഷ് ചാനലിലേതിന് സമാനമായി ബ്രഹ്മപുത്ര നദിക്കടിയിലൂടെ ഒരു തുരങ്കം നിർമിക്കണമെന്നു സൈന്യം സർക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് തുരങ്ക നിർമാണത്തിന് അനുമതി നൽകിയത്. മാത്രമല്ല ശത്രു സൈന്യം പാലങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയേക്കാമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിർദേശം അവർ മുന്നോട്ട് വച്ചത്.