ബംഗളൂരു: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗളൂരുവിൽ നാളെ മുതൽ സമ്പൂർണ ലോക്ഡൗൺ. ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ ജില്ലകളിൽ ചൊവ്വാഴ്ച രാത്രി എട്ട് മുതൽ ആരംഭിക്കുന്ന സമ്പൂർണ ലോക്ഡൗണിന് മുന്നോടിയായി മാർഗനിർദേശം പുറത്തിറക്കി. ബംഗളൂരുവിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ പുലർച്ചെ അഞ്ചു മുതൽ ഉച്ചക്ക് 12 വരെ മാത്രമായിരിക്കും തുറക്കുക. മറ്റു വാണിജ്യ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടണം.
അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ബംഗളൂരുവിൽ നിന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ മറ്റു ജില്ലകളിലേക്കും അന്തർ സംസ്ഥാന, അന്തർ ജില്ല യാത്ര അനുവദിക്കില്ല. ഇതോടെ ബംഗളൂരുവിൽനിന്നും മംഗളൂരു ഉൾപ്പെട്ട ദക്ഷിണ കന്നടയിൽനിന്നും കേരളത്തിലേക്ക് ഉൾപ്പെടെ മടങ്ങുന്നവർ സമ്പൂർണ ലോക്ഡൗൺ പൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടിവരും.
ധാർവാഡ്, ദക്ഷിണ കന്നട ജില്ലകളിൽ ബുധനാഴ്ച മുതലാണ് സമ്പൂർണ ലോക്ഡൗൺ. അടിയന്തര ആവശ്യത്തിന് അന്തർ സംസ്ഥാന, അന്തർ ജില്ല യാത്രക്ക് സേവാസിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് നേടിയിരിക്കണം. ബംഗളൂരുവിനുള്ളിൽ അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യണമെങ്കിലും പാസ് എടുക്കണം.
നേരത്തെ ഷെഡ്യൂൾ ചെയ്ത വിമാന, ട്രെയിൻ സർവിസുകൾക്ക് മുടക്കമുണ്ടാകില്ല. വിമാന, ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് കൈവശം വെച്ചുകൊണ്ട് ടാക്സിയിലോ മറ്റു വാഹനങ്ങളിലോ വിമാനത്താവളത്തിലേക്കോ റെയിൽവെ സ്റ്റേഷനിലേക്കോ പോകാനും വരാനും തടസ്സമില്ല.