സ്വപ്നയും സന്ദീപും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ

കൊച്ചി: നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് . ബംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ഇവരുടെ പദ്ധതി. എന്നാല്‍ ഫോണ്‍വിളികള്‍ പാരയായപ്പോള്‍ സന്ദീപിനെയും സ്വപ്നയെയും ബംഗളൂരുവില്‍നിന്ന് തന്നെ എന്‍ഐഎ. സംഘം പിടികൂടുകയായിരുന്നു.

എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാല്‍ ചെക്ക് ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍ഐഎ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. യാത്രയിലുടനീളം ലഭിച്ച സുരക്ഷിതത്വം ഇതോടെ അവസാനിച്ചു.

സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. ഇവരില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരേയും കൊണ്ട് അന്വേഷണ സംഘം ബംഗളൂരുവില്‍നിന്ന് തിരിച്ചു.ഉച്ചയോടെ കൊച്ചിയിലെത്തിക്കും. വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

അന്വേഷണ സംഘത്തലവന്‍ എന്‍ഐഎ ഡിവൈഎസ്പി, സി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബംഗലൂരുവിലെത്തിയിട്ടുണ്ട്. രാത്രിതന്നെ നഗരത്തിലെ എന്‍ഐഎ ഓഫിസില്‍ ഇവരെ ചോദ്യം ചെയ്തു.

സന്ദീപ് നായരുടെ ഫോണ്‍ കോളാണ് ഇരുവരേയും കുരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് സന്ദീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്ന സമയം സഹോദരനെ സന്ദീപ് ഫോണില്‍ വിളിച്ചു. ഇതാണ് സ്വപ്‌നയിലേക്കും സന്ദീപിലേക്കും എത്താന്‍ വഴി തുറന്നത്.

വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്‌ന സുരേഷിന് ഇടക്കാലം കൊണ്ട് ഉണ്ടായത് വന്‍ സാമ്പത്തിക വളര്‍ച്ച. തിരുവനന്തപുരം കണ്ണേറ്റ്മുക്കില്‍ ഒന്‍പത് സെന്റ് സ്ഥലത്ത് വന്‍ ആഡംബര വസതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്വപ്ന തുടക്കമിട്ടിരുന്നത്.ഫെബ്രുവരിയില്‍ സൂട്ട് റൂമുകളോട് കൂടിയ കെട്ടിടത്തിന് കോര്‍പ്പറേഷന്റെ അനുമതി തേടിയിരുന്നു.

എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് ജോലികള്‍ തടസ്സപ്പെട്ടു. തറക്കല്ല് ഇടുന്ന സമയത്ത് എം ശിവശങ്കര്‍ അടക്കമുള്ള ഉന്നതരായ ആളുകള്‍ എത്തിയിരുന്നതായി സമീപവാസികള്‍ പറയുന്നു. സമീപത്തെ ഒരു ആഡംബര ഹോട്ടലില്‍ പാര്‍ട്ടി നടന്നതായും സൂചനയുണ്ട്.