എന്‍ഐഎ എഫ്‌ഐആറിൽ സരിത്തും സ്വപ്‌നയും ഒന്നും രണ്ടും പ്രതികൾ; ആറ് മാസത്തിനകം വന്നത് എട്ട് നയതന്ത്ര ബാഗുകൾ


കൊച്ചി : യുഎപിഎയിലെ ഗുരുതരവകുപ്പുകൾ ചുമത്തി തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ പി ആര്‍ സരിത്തിനെ ഒന്നാം പ്രതിയും സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയുമായി ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) എഫ്‌ഐആർ ആയി. എന്‍ഐഎ എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ പുറത്തായി.

യുഎപിഎയിലെ 16,17, 18 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിട്ടുള്ളത്. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാണിതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. ഫൈസലിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് സരിത്ത് മൊഴി നല്‍കിയിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.

തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളം വഴി ആറ് മാസത്തിനകം വന്നത് എട്ട് നയതന്ത്ര ബാഗുകളാണെന്ന് കസ്റ്റംസ് കണ്ടെത്തി. നയതന്ത്രബാഗുകള്‍ ഏറ്റുവാങ്ങാന്‍ വരുന്നവര്‍ കോണ്‍സുലേറ്റ് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ചട്ടമുണ്ട്. എന്നാല്‍ സരിത്ത് ബാഗുകള്‍ ഏറ്റുവാങ്ങാന്‍ വരുമ്പോള്‍ സ്വന്തം കാറിലാണ് വരാറുള്ളതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

കാറുമായി ബാഗ് ഏറ്റുവാങ്ങിയ ശേഷം പേരൂര്‍ക്കട ഭാഗത്തേക്കാണ് ആദ്യം സരിത്ത് എപ്പോഴും പോകാറുള്ളത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് എവിടെയോ വച്ച് സ്വര്‍ണം കൈമാറിയ ശേഷം കോണ്‍സുലേറ്റിലേക്ക് ബാഗുമായി പോകുകയാണ് പതിവെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ ഈ വഴിയുള്ള കൂടുതല്‍ സിസിടിവി ക്യാമറകള്‍ തേടുകയാണ് കസ്റ്റംസ് അധികൃതര്‍.

അതേസമയം, കേസ് അന്വേഷണത്തിനായി കസ്റ്റംസ് ആവശ്യപ്പെട്ട ജനുവരി മുതലുളള സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് പൊലീസ്. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന കാര്‍ ശംഖുമുഖത്തെ കാര്‍ഗോ കോംപ്ലക്‌സിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ എയര്‍പോര്‍ട്ടിന്റെ പരിസരത്തെ പൊലീസ് ക്യാമറകളൊന്നും തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പേട്ടയിലുളള ഒരു ക്യാമറയിലെ ദൃശ്യങ്ങള്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് പൊലീസ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.