റിവപവര്‍ പ്ലാന്റ് പദ്ധതി; ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പദ്ധതി പ്രവർത്തനക്ഷമമായി

ന്യൂഡെല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിലെ റിവ ജില്ലയിലാണ് 750 മെഗാ വാട്ട് ഉത്പാദന ശേഷിയുള്ള അള്‍ട്രാ മെഗാ സോളാള്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ മധ്യപ്രദേശ് ഇനി സമ്പൂര്‍ണവും സുലഭവുമായി വൈദ്യുതി ലഭിക്കുന്ന ഹബ്ബായി മാറും. പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വര്‍ഷം തോറും പുറത്തു വരുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവില്‍ 15 ലക്ഷം ടണ്ണോളം കുറവു വരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. 1590 ഓളം ഏക്കര്‍ വിസ്തൃതിയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഗിള്‍-സൈറ്റ് പവര്‍ പ്ലാന്റുകളില്‍ ഒന്നാണ് റിവയിലേത്. 500 ഹെക്ടറുകളില്‍ വീതം സ്ഥിതി ചെയ്യുന്ന 250 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള മൂന്ന് സോളാര്‍ യൂണിറ്റുകളാണ് സോളാര്‍ പാര്‍ക്കിലുള്ളത്. യൂണിറ്റിനു 2.97 രൂപ നിരക്കിലാണ് ആദ്യ 15 വര്‍ഷത്തേക്ക് വൈദ്യതി നല്‍കുക. പിന്നീടുള്ള ഒരോ വര്‍ഷവൂം യൂണിറ്റിനു 0.05 രൂപ വര്‍ധിക്കും.
റിവ അള്‍ട്രാ മെഗാ സോളാര്‍ ലിമിറ്റഡ് വികസിപ്പിച്ച സോളാര്‍ പാര്‍ക്ക് മധ്യപ്രദേശ് ഊര്‍ജ വികാസ് നിഗം ലിമിറ്റഡ് സോളാര്‍, എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമാണ്. 138 കോടി രൂപയുടെ കേന്ദ്ര ധനസഹായം പദ്ധതിക്കു ലഭിച്ചിരുന്നു.

സംസ്ഥാനത്തിന് പുറത്ത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് ഉത്പാദിപ്പിക്കുന്ന ഊര്‍ജത്തിന്റെ 24 ശതമാനം നല്‍കാനാണ് തീരുമാനം. സൗരോര്‍ജ പദ്ദതിയുടെ ആദ്യത്തെ ഉപയോക്താക്കളില്‍ ഒരാളാണ് ഡെല്‍ഹി മെട്രോ. റിവയില്‍ നിന്നും ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന 27 മെഗാവാട്ട് വൈദ്യതി ഉപയോഗിച്ചുള്ള മെട്രോ ട്രെയിനുകളാണ് പ്രവര്‍ത്തിക്കുക.

ആദ്യമായാണ് ഡിഎംആര്‍സി പുറത്തുള്ള സൗരോര്‍ജ പദ്ധതിയില്‍ നിന്നും വൈദ്യതി വാങ്ങുന്നത്. ബാക്കി 76 ശതമാനം സംസ്ഥാനത്തിനകത്തായിരിക്കും ലഭ്യമാക്കുക. 175 ജിഗാവാട്ട് ഊര്‍ജ പുനരുത്പാദന ശേഷി 2022 ഓടെ കൈവരിക്കാനുള്ള ഇന്ത്യയുടെ ചുവടു വെയ്പുകളിലൊന്നാണ് റിവ പദ്ധതി.